തെറ്റുതിരുത്തൽ ചർച്ചക്ക് മുന്നോടിയായി വാർത്ത ചോരാതിരിക്കാൻ തിരുവനന്തപുരം ജില്ലാ നേതൃത്വം നേതാക്കളിൽ നിന്ന് ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം വാങ്ങിയതിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
തിരുവനന്തപുരം : തെറ്റുതിരുത്തൽ ചർച്ചക്ക് വിളിച്ച വിശാല സംസ്ഥാന സമിതിയിൽ നിന്ന് വാർത്ത ചോരാതിരിക്കാൻ പങ്കെടുക്കേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങിയ സംഭവത്തിന് വിശാല സംസ്ഥാന സമിതിയുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഞങ്ങൾ അറിഞ്ഞിട്ടില്ലെന്നും പരാതി തന്നാൽ പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
വാർത്ത ചോരാതിരിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി
സമ്മളനത്തിൽ പങ്കെടുക്കേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് തിരുവനന്തപുരം ജില്ല നേതൃത്വം ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങുകയായിരുന്നു. തെറ്റുതിരുത്തൽ ചർച്ചകൾക്ക് വിശാല സംസ്ഥാന സമിതി ചേരുമ്പോൾ ഒരു വിവരവും ചോരരുതെന്നാണ് കർശന നിർദ്ദേശം. ഫോൺ പരിശോധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്‍റെ നടപടി ഇത്തിരി കടന്ന കയ്യാണ്. വിശാല സമിതിക്ക് പോകേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാനുള്ള സമ്മത പത്രം നേരത്തെ തന്നെ ഒപ്പിട്ട് വാങ്ങി. കോൾ വിവരങ്ങൾ കിട്ടാൻ ടെലിഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന തരത്തിലാണ് അപേക്ഷ ഫോം. എതിർപ്പൊന്നും കൂടാതെ എല്ലാവരും ഒപ്പിട്ട് കൊടുത്തു. പക്ഷെ അകത്ത് അമർഷം പുകയുകയാണ്.
പ്രശ്നം കേന്ദ്ര സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്. ഒന്നിലധികം നമ്പറുകളുള്ളവർ ജില്ലാ നേതൃത്വത്തെ അറിയിക്കണമെന്ന് ജില്ലാ നേതൃത്വത്തിന്‍റെ നിർദ്ദേശം നേരത്തെ തിരുവനന്തപുരത്ത് വിവാദമായിരുന്നു. വിശാല സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിക്കാൻ സാധ്യതയുള്ളവരെ തെരഞ്ഞ് പിടിച്ച് നടത്തുന്ന നീക്കങ്ങൾ നേരത്തെ പുറത്തറിഞ്ഞിരുന്നു. ഒരുവശത്ത് പൌരാവകാശങ്ങളെ കുറിച്ച് വാചലരാകുന്ന അതേ പാർട്ടിയിൽ നിന്നുണ്ടാകുന്ന ഇത്തരം നടപടപടികൾ ഇതിനകം തന്നെ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഉൾപാർട്ടി ചർച്ചകൾ വിഭാഗീയതയായി വ്യാഖ്യാനിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള ജാഗ്രത മാത്രമെന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ സിപിഎമ്മിന്


