
കൊച്ചി: സംസ്ഥാന ശിശുക്ഷേമ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ജെ എസ് ഷിജു ഖാൻ അടക്കം 7 അംഗങ്ങള വിജയികളായി പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയാണ് നിയമനം സംഗിൾ ബെഞ്ച് അസാധുവാക്കിയത്. മൂന്ന് മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കാനും കോടതി ഉത്തരവിട്ടു.
ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജെ എസ് ഷിജു ഖാൻ അടക്കം 7 അംഗങ്ങളെ വിജയികളായി പ്രഖ്യാപിച്ചത്. ഭാരവാഹികളെ തെരഞ്ഞെടുത്തതിൽ അടിമുടി അട്ടിമറി നടന്നെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിയ്യതി കഴിഞ്ഞാണ് പല അംഗങ്ങൾക്കും പത്രിക സമർപ്പിക്കാനുള്ള നോട്ടീസ് ലഭിച്ചത്. തെരഞ്ഞെടുപ്പിന്‍റെ 21 ദിവസം മുൻപ് വിജഞാപനം അഗങ്ങളെ റജിസ്ട്രേഡ് തപാലിൽ അറിയിക്കണമെന്ന ചട്ടം ലംഘിച്ചു. സി പി എം പ്രതിനിധികൾക്ക് മാത്രം പത്രിക നൽകാനുള്ള അവസരമൊരുക്കാനാണ് മറ്റ് അംഗങ്ങൾക്ക് നോട്ടീസ് വൈകിപ്പിച്ചതെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം.
വിജ്ഞാപനം തപാലിൽ അയച്ചതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇത് പരിശോധിച്ചാണ് ജസ്റ്റിസ് വിജി അരുൺ ഭരണസമിതി തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തി മൂന്ന് മാസത്തിനകം ഭാരവാഹികളെ നിശ്ചയിക്കാൻ കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരത്തെ ദത്ത് വിവാദമടക്കം പല സുപ്രധാന കേസുകളിലും ഷിജു ഖാന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഇടപെടൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് കോടതി ഭരണസമിതി തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam