
കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്‍റെ നിയമനത്തിലെ നടപടിക്രമങ്ങൾ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിയമനത്തിൽ ഇടപെട്ടെന്ന ആരോപണങ്ങളുടെ പശ്ചാത്താലത്തിലാണ് നടപടി. ചീഫ് ജസ്റ്റീസിന്‍റെ നിർദേശപ്രകാരം, ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് വസ്തുതാ വിവര റിപ്പോർട്ട് തയാറാക്കി.
ഐടി പാർക്കിലെ സ്വപ്ന സുരേഷിന്‍റെ നിയമനത്തിന് പിന്നാലെ ചട്ടങ്ങൾ മറികടന്ന് ഹൈക്കോടതിയിൽ ഉന്നത ഐടി ടീമിനെ ശിവശങ്കർ ഇടപെട്ട് നിയമിച്ചെന്നായിരുന്നു ആരോപണം.
ഹൈക്കോടതിയിലെ കംപ്യൂട്ടറൈസേഷൻ കമ്മിറ്റിയുടെ ചെയർമാനായ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് തയാറാക്കിയ വസ്തുതാവിവര റിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്. -
ഐടി അനുബന്ധ കാര്യങ്ങൾ നോക്കുന്നതിനായി സ്ഥിരം ജീവനക്കാർ വേണ്ടെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമാണ് നിർദേശിച്ചത്. സാങ്കേതിക വിദ്യ മാറുന്ന സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാർ മതിയെന്നായിരുന്നു ശുപാർശ. ഇതനുസരിച്ച് കരാറടിസ്ഥാനത്തിൽ 5 പേരെ നിയമിക്കാൻ തീരുമാനിച്ചു.
നടപടികളിൽ എൻഐസി വേണ്ടെന്ന് നിർദേശിച്ചതും സർക്കാരാണ്. അവർക്ക് അതിനുളള കഴിവില്ലെന്നായിരുന്നു സർക്കാർ അറിയിച്ചത്. ഹൈക്കോടതി ഔദ്യോഗികമായി ആവശ്യപ്പെട്ടതനുസരിച്ച് തസ്തിക സൃഷ്ടിച്ചതും തുടർ നടപടികൾ സ്വീകരിച്ചതും സർക്കാർ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട ചില യോഗങ്ങളിൽ ശിവശങ്കറും പങ്കെടുത്തിട്ടുണ്ട്. അഞ്ചംഗ ഐടി ടീമിനെ തെരഞ്ഞെടുക്കാനുളള വിദഗ്ധ സമിതിയെ നിർദേശിച്ചത് എം ശിവശങ്കറാണ്. എന്നാൽ ജീവനക്കാരെ കണ്ടെത്താനുളള സമിതിയിൽ ശിവശങ്കർ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ജഡ്ജി ഉൾപ്പെട്ട സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam