രാജേഷിന്റെ ആത്മഹത്യ; ക്രൈംബാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

By Web TeamFirst Published Jul 29, 2019, 5:21 PM IST
Highlights

വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നൽകാൻ മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷ് എന്ന യുവാവിനെയാണ് അനധികൃതമായി കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. 

കോട്ടയം: മേലുകാവില്‍ പൊലീസ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബാഞ്ച് അന്വേഷണത്തിന്  ഹൈക്കോടതി ഉത്തരവിട്ടു. ഇന്റലിജൻസ് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നൽകാൻ മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷ് എന്ന യുവാവിനെയാണ് അനധികൃതമായി കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. എസ്ഐ സന്ദീപും സംഘവുമാണ് രാജേഷിനെ തടഞ്ഞുവെച്ച് മർദിക്കുകയും മാല മോഷണ കേസിൽ പ്രതിയാക്കുകയും ചെയ്തത്.

ജാമ്യത്തിലിറങ്ങിയ രാജേഷ് പൊലീസ് അതിക്രമത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. പൊലീസിനെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രാജേഷിന്‍റെ ആത്മഹത്യ. മാര്‍ച്ച് ആറിനായിരുന്നു സംഭവം. കേസിൽ പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാജേഷിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിൽ വെച്ചന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്ന് കോടതി വ്യക്തമാക്കി. ഇന്‍റലിജൻസ് എഡിജിപി കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജൂണ്‍ ഏഴിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

click me!