
കൊച്ചി: നവകേരള സദസ്സിനായി സ്കൂൾ മതിലുകൾ പൊളിക്കുന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് സ്കൂളിന്‍റെ മതിൽ പൊളിക്കുന്നതെന്ന് ചോദിച്ച കോടതി, മതിൽ പുനർനിർമ്മിക്കാൻ ഖജനാവിലെ പണമല്ലെ ചെലവഴിക്കുന്നതെന്നും സർക്കാരിനോട് ആരാഞ്ഞു. സംഭവിച്ചു പോയെന്നുമായിരുന്നും പൊളിച്ച മതിലുകൾ പുനർ നിർമ്മിക്കുമെന്നും സർക്കാർ നിലപാട്.
കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി ക്ഷേത്രം വക മൈതാനം വിട്ട് കൊടുത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. ആരാണ് നവകേരള സദസ്സിന്‍റെ ചുമതലക്കാരൻ എന്ന് ചോദിച്ച കോടതി കേസിൽ ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദ്ദേശം നൽകി. ജില്ലാ കളക്ടറോടും ദേവസ്വം ബോർഡിനോടും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി നാളെ വീണ്ടും പരിഗണിക്കും.