
കൊച്ചി : ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് എൽദോസ് കുന്നപ്പിള്ളി കേസിൽ ഹൈക്കോടതി. സംഭവങ്ങൾ സിനിമാക്കഥ പോലെയുണ്ടല്ലോ എന്നും കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി. ഇല്ലെന്ന പ്രോസിക്യൂഷന്റെ മറുപടിയിൽ ലൈംഗിക പിഡന പരാതി പിന്നീട് അല്ലെ ഉയരുന്നതെന്ന ചോദ്യം കോടതി ആവർത്തിച്ചു.
ഇരകൾക്ക് വേണ്ടി നിലനിൽകേണ്ട ആളാണ് എംഎൽഎ എന്നും കോവളം സി ഐ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആദ്യ മൊഴി വായിച്ചാൽ പരസ്പര സമ്മതത്തോടു കൂടി ആണ് ബന്ധപെട്ടത് എന്ന് കൃത്യമായി മനസിലാവും എന്ന് കോടതി നിരീക്ഷിച്ചു. തങ്ങൾ മാനസികമായും അല്ലാതെയും വളരെ അടുപ്പത്തിൽ ആയിരുന്നു എന്ന് മൊഴിയിൽ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു.
അതേസമയം ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ നോ പറഞ്ഞാൽ അത് ബലാത്സംഗം തന്നെയെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാൻ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്. ഒരു തവണ ക്രൂര ബലാൽസംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി എന്ന് കോടതി ചോദിച്ചു.
ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷൻ സ്റ്റോറി എന്ന് കോടതി ചോദിച്ചു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി നിരീക്ഷിച്ചു. എൽദോസിന് ജില്ലാ ജഡ്ജി ജാമ്യം നൽകിയതിന് മതിയായ കാരണങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ കോടതി മൊഴി നൽകാൻ കാല താമസം എന്തുകൊണ്ട് ഉണ്ടായി എന്ന് പരാതിക്കാരി പറഞ്ഞോ എന്ന ചോദ്യവും ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam