പിഎസ്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഗൗരവതരമെന്ന് ഹൈക്കോടതി, സര്‍ക്കാറിനോട് വിശദീകരണം തേടി

By Web TeamFirst Published Sep 18, 2019, 12:45 PM IST
Highlights

പിഎസ്‍സി പരീക്ഷ ക്രമക്കേട് കേസ് ഗൗരവതരമെന്ന് ഹൈക്കോടതി. ചോദ്യപ്പേപ്പർ ചോർച്ചയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി

കൊച്ചി: എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട പി എസ് സി ചോദ്യപേപ്പർ ചോർച്ച ഗൗരവതരം എന്ന്‌ ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി സിബിഐ യ്ക്ക് നോട്ടീസ് അയച്ചു.

എന്നാൽ ചോദ്യപേപ്പർ ചോർച്ച കേസ്‌ അന്വേഷണം ക്രൈം ബ്രാഞ്ച് നല്ല രീതിയിൽ നടത്തുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹർജി നൽകിയവർ കായിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടവർ ആണെന്നും സർക്കാർ അറിയിച്ചു. ഹർജി കോടതി പിന്നീട് പരിഗണിക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കുത്ത്കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 

78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. 

രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  ഇതിനിടെയാണ് വന്‍ പരീക്ഷാ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയിരുന്നു.

click me!