പാലാരിവട്ടം പാലം ഏറ്റെടുക്കാൻ പിഡബ്ല്യുഡി: അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി

By Web TeamFirst Published Sep 18, 2019, 12:42 PM IST
Highlights

പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ തുടങ്ങുമെന്നും അതിനായുള്ള ഡിസൈനുകൾ തയ്യാറായതായും മന്ത്രി വ്യക്തമാക്കി. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ വിജിലൻസ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പാലം പിഡബ്ല്യൂഡി ഏറ്റെടുക്കുമെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം  അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ജി സുധാകരൻ പറഞ്ഞു. പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ തുടങ്ങുമെന്നും അതിനായുള്ള ഡിസൈനുകൾ തയ്യാറായതായും മന്ത്രി വ്യക്തമാക്കി.  പാലം നിർമ്മിക്കുന്ന കരാറുകാർക്ക് പ്രത്യേക മാനദണ്ഡമുണ്ടാകുമെന്നും  ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഒരു ഉദ്യോഗസ്ഥന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്‍റെ പക്കലെത്തിയത്. താന്‍ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജ് ഹൈക്കോടതിയിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു  ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.
 

click me!