ഔചിത്യം മനസിലാകുന്നില്ല; സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണം: ഹൈക്കോടതി

By Web TeamFirst Published May 19, 2021, 7:36 PM IST
Highlights

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ അല്ലാതെ മറ്റ് എംഎൽഎമാരുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണം. 


കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. എംഎൽഎമാരുടെ ഭാര്യമാർ അടക്കമുള്ള ബന്ധുക്കളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കണം. കൊവിഡ്  ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

മേയ് ആറിലെ മാർഗനിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ അല്ലാതെ മറ്റ് എംഎൽഎമാരുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണം. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ അടക്കമുള്ള പ്രത്യേക ക്ഷണിതാക്കൾ പങ്കെടുക്കേണ്ടത് ഉണ്ടോ എന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. മറ്റ് പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിന് ചടങ്ങിൽ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ എല്ലാ എംഎൽഎമാരുടെ കുടുംബങ്ങളെയും ചടങ്ങിന് ക്ഷണിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.  പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിൽ സർക്കാർ കൃത്യമായ വിവരം നൽകിയില്ലെന്നും കോടതി വിമർശിച്ചു. ബംഗാളിലും, തമിൾ നാട്ടിലും കുറഞ്ഞ ആളുകളെ വെച്ച് സത്യപ്രതീജ്ഞ നടന്നിട്ടുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 

ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കെതിരെ തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസാണ് ഹർജി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ കോടതി സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രട്ടിക് പാർടി പ്രസിഡണ്ട്‌ ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട്‌ എന്നിവർ കത്തും നൽകിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!