
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലീപിന് (actor dilep) തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി (high court) ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങൾ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.
സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സർക്കാർ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താൻ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ, അംഗീകൃത ഏജൻസിക്ക് നിങ്ങളുടെ ഫോൺ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോൺ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങൾ വിവിധ കോടതികൾ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ ആവൂ. അതുകൊണ്ട് താങ്കൾ സ്വകാര്യ ഏജൻസിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തിൽ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.
സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷൻ ഉള്ളത് കൊണ്ട് മാത്രം ഫോൺ പരിശോധിക്കാതെ ഇരിക്കാൻ ആവില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഫോറൻസിക് പരിശോധന അംഗീകൃത ഏജൻസി വഴി നടത്തണം. ഫോണിലെ വിവരങ്ങൾ സ്വന്തമായി പരിശോധിച്ചു എങ്ങനെ അന്വേഷണ ഏജൻസികൾക്ക് ആവശ്യമുള്ള വിവരങ്ങൾ നൽകാൻ കഴിയും. കേസിൽ ഞങ്ങൾ വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് ശേഷം എല്ലാവരും ഫോൺ മാറ്റി.
അങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് ദിലീപിന് മുൻകൂർ ജാമ്യത്തിന് അർഹതയില്ല. ഗുഢാലോചന മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപിന്റെ ഭാഗത്തുനിന്ന് തുടർ നീക്കങ്ങൾ ഉണ്ടായി എന്നും ഡിജിപി അറിയിച്ചു. ദീലീപിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 2017 ൽ എംജി റോഡിൽ ദിലീപ് അടക്കം മൂന്ന് പ്രതികൾ ഒത്തുകൂടുകയും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ ചരിത്രം അടക്കം പെരുമാറ്റം എല്ലാം കോടതി പരിഗണിക്കണം എന്നും ഡിജിപി കോടതിയിൽ വ്യക്തമാക്കി.
ഫോൺ കയ്യിൽ വയ്ക്കാൻ ദിലിപിന് അധികാരം ഇല്ല എന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഞങ്ങൾക്ക് പോകാൻ വേറെ ഇടമില്ലെന്നും കോടതി ആണ് ആശ്രയം എന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന് അനുകൂലം ആയി ആരുമില്ല.അതുകൊണ്ടാണ് പുതിയ കേസുമായി വന്നതെന്നും ദിലീപ്
വാദിച്ചു. അന്വേഷണ സംഘം പറയുന്ന നാലാമത്തെ ഫോണിനെ കുറിച്ച് തനിക്ക് അറിയില്ല. രണ്ട് ഐ ഫോണുകളും ഒരു വിവോ ഫോണും മാത്രമാണ് തനിക്ക് ഉള്ളത്.ഈ ഫോണുകളുടെ ഉടെ കാര്യം ഞങ്ങൾ തന്നെ പറഞ്ഞു കൊടുത്തത് ആണ് എന്ന് ദിലീപ് വാദിച്ചു. എന്നാൽ സി ഡി ആർ വഴി ആന്ന് നാലാമതൊരു ഫോൺ ഉള്ള കാര്യം മനസ്സിലാക്കിയത് എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഫോൺ ഹാജർ ആക്കണ്ട എന്ന് കോടതി പറയുക ആണെങ്കിൽ പിന്നെ സൈബർ ഡോം പിരിച്ചു വിടേണ്ടി വരും എന്നും ഡിജിപി വാദിച്ചു.
പ്രോസിക്യൂഷനു മൊബൈൽ കണ്ടുകെട്ടാൻ എല്ലാ അവകാശവും ഉണ്ടെന്നും അത് നോട്ടിഫൈഡ് ഏജൻസി വഴി പരിശോധിക്കാൻ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി.പ്രതികളുടെ കൈവശം ഉള്ള ഫോൺ ആവശ്യപ്പെടാൻ പ്രോസിക്യൂഷന് അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു. നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ അതും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമാകുമല്ലോ എന്നും കോടതിയെ വിശ്വാസമില്ലേയെന്നും ജസ്റ്റിസ് ഗോപിനാഥ് ചോദിച്ചു.
ഫോണുകൾ എല്ലാം മുംബൈയിലാണെന്നും അതെത്തിക്കാൻ ചൊവ്വാഴ്ച വരെ തമയം വേണമെന്നുമുളള ദിലീപിന്റെ വാദങ്ങൾ എല്ലാം തള്ളിയാണ് ദിലീപ് അടക്കം പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിനെതിരെ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും അതിനുള്ള സമയം കിട്ടുമോ എന്നതിൽ സംശയമണ് . ഞായറാഴ്ച അവധി ദിവസം. അതിനുശേഷം തിങ്കളാഴ്ച 10.15 ഓടെ മൊബൈൽ ഫോണുകൾ കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കുകയും വേണം. അതേസമയം കേസ് പരിഗണിക്കാനെടുക്കുമ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഫോൺ ഹാജരാക്കാൻ ഇപ്പോൾ സാധിക്കില്ലെന്നുമുള്ള നിലപാടെടുക്കാൻ ദിലീപിന് കഴിഞ്ഞേക്കുമെന്നും പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam