''കണ്ണൂർ വിസിയുടെ പുനർ നിയമനം ചട്ടം ലംഘിച്ച്'', റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Nov 30, 2021, 1:56 PM IST
Highlights

വിസി നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി റദ്ധാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

കൊച്ചി: കണ്ണൂർ  യൂണിവേഴ്സിറ്റി ( kannur university ) വിസി (vice chancellor) ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്ത് ഹൈക്കോതിയിൽ (high court) ഹർജി. യൂണിവേഴ്സിറ്റി സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. സർക്കാർ നടപടി കണ്ണൂർ സർവ്വകലാശാല സെക്ഷൻ 10  വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും യു ജി സി ചട്ടങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കൂടാതെ വിസി നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി റദ്ധാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

2017 നവംബർ മുതൽ ഈ മാസം നവംബർ 22 വരെയായിരുന്നു വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. ഇത് പിന്നീട് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിസിക്ക് പുനർനിയമനം നൽകുന്നത്. 

60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സർവ്വകലാശാല ചട്ടം മറികടന്നുള്ള നിയമനമെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. കെകെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനിൽക്കെയാണ് വിസിക്ക് പുനർനിയമനം നൽകിയത്. ഇതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണ് എന്നാണ് ആരോപണം. എന്നാൽ പുനർനിയമനത്തിന് പ്രായപരിധി പ്രശ്നമല്ലെന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് വിസി നിയമനമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരണം.

click me!