'കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം വേണം', ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Oct 7, 2021, 6:31 AM IST
Highlights

ഹർജിയിൽ നേരത്തെ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

കൊച്ചി: കൊടകര കുഴൽപ്പണ കേസ് (KODAKARA CASE) ഇഡി (enforcement directorate) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ജനതാദൾ നേതാവ് സലീം മടവൂർ ആണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ നേരത്തെ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

അതിനിടെ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1,40,000 രൂപ കണ്ടെടുത്തത്. നഷ്ടപ്പെട്ട പണത്തിൽ ഒന്നരക്കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും  തുടങ്ങി. പ്രതി ബാബു, അയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കവർച്ചാ പണത്തിലെ ഇനി കണ്ടെത്താനുള്ള 2 കോടി രൂപ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏപ്രിൽ 3 ന്  കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ  21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ബി ജെ പി നേതാക്കൾ സാക്ഷികളാണ്. 

click me!