
കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ തടവ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മൂന്നു പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്. ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നതുവരെ തടവശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എൻഐഎ കോടതി ഏഴു വർഷമായിരുന്നു പ്രതികളെ തടവിന് ശിക്ഷിച്ചത്.
ഒന്നാം പ്രതി കണ്ണൂർ മുണ്ടേരിയിലെ മിദ്‍ലാജ് രണ്ടാം പ്രതി ചെക്കിക്കുളം സ്വദേശി അബ്ദുൽ റസാക്ക്,അഞ്ചാം പ്രതി , തലശ്ശേരിയിലെ യു.കെ. ഹംസ എന്നിവരാണ് കോടതിയെ സമീപിച്ചത്. കൊച്ചി എൻ ഐ എ കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റെ ചെയ്യണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. കഴിഞ്ഞ ജൂലൈ 15നാണ് ഒന്നും അഞ്ചും പ്രതികളെ ഏഴു വർഷം തടവിനും, രണ്ടാം പ്രതിയെ ആറു വർഷം തടവിനും കോടതി ശിക്ഷിച്ചത്.
പ്രതികൾ വിചാരണത്തടവുകാരായി അഞ്ചു വർഷമായി ജയിലിൽ ആണ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാൻ സിറിയയിലേക്ക് കടക്കാനും മറ്റ് യുവാക്കളെ കടത്താനും ശ്രമിച്ചെന്നു കണ്ടെത്തിയാണ് ശിക്ഷിച്ചത്. മിദ്‍ലാജിനും ഹംസക്കും കോടതി വിവിധ വകുപ്പുകൾ പ്രകാരം 21 വർഷം കഠിനതടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ ഏഴുവർഷം ജയിലിൽ കിടന്നാൽ മതി. 2017ൽ കണ്ണൂർ വളപട്ടണം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam