കൃഷിഭൂമിയിൽ നിർമ്മാണം പാടില്ലെന്ന് ഹൈക്കോടതി; ഉത്തരവ് സംസ്ഥാനമാകെ ബാധകം, സർക്കാരിന് തിരിച്ചടി

By Web TeamFirst Published Aug 5, 2020, 5:31 PM IST
Highlights

ഇടുക്കിയിലെ എട്ടു വില്ലേജുകൾക്ക് മാത്രമായി നിജപ്പെടുത്തി  സംസ്ഥാന സർക്കാർ കൊണ്ടുവന്ന വിജ്ഞാപനമാണ് ഇതോടെ അസ്ഥിരപ്പെട്ടത്.

കൊച്ചി: കൃഷിയാവശ്യങ്ങൾക്ക് മാത്രമായി അനുവദിച്ച ഭൂമിയിലെ നിർമാണം സംബന്ധിച്ച് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. ഭൂപതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങൾക്കുളള ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഈ ഉത്തരവ് സംസ്ഥാനത്തിന് മുഴുവൻ ബാധകമാണെന്നും വ്യക്തമാക്കി. ഇടുക്കിയിലെ എട്ടു വില്ലേജുകൾക്ക് മാത്രമായി നിജപ്പെടുത്തി  സംസ്ഥാന സർക്കാർ കൊണ്ടുവന്ന വിജ്ഞാപനമാണ് ഇതോടെ അസ്ഥിരപ്പെട്ടത്.

ഭൂപതിവ് ചട്ടപ്രകാരം കൃഷി ആവശ്യത്തിന് മാത്രമായി കൈമാറിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നായിരുന്നു ജസ്റ്റീസ് വിനോദ് ചന്ദ്രന്‍റെ മുൻ ഉത്തരവ്. ഈ ഉത്തരവിന്‍റെ ചുവടുപിടിച്ച് വിജ്ഞാപനം പുറത്തിറക്കിയ സംസ്ഥാന സർക്കാർ ഈ വ്യവസ്ഥ പക്ഷേ മൂന്നാർ മേഖല ഉൾപ്പെടുന്ന ഇടുക്കിയിലെ എട്ടുവില്ലേജുകൾക്ക് മാത്രമായി ചുരുക്കി. ഇതോടെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഭൂപതിവ് ചട്ടപ്രകാരം വ്യക്തികൾക്ക് ലഭിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ  നടത്താമെന്ന വ്യാഖ്യാനമുണ്ടായി. സർക്കാരിന്‍റെ ഈ നടപടി ചോദ്യം ചെയ്തുളള സ്വകാര്യ ഹ‍ർജിയിൽ  വി‍‍‍ജ്‌‌ഞാപനം സംസ്ഥാന വ്യാപകമാക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിർദേശിച്ചിരുന്നു. എന്നാൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് തുടർ നടപടിക്ക് കാലതാമസമുണ്ടായതോടെയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്‍റെ ബെഞ്ച് മുൻ ഉത്തരവ് സംസ്ഥാനത്താകെ ബാധകമാണെന്ന് വ്യക്തമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇതനുസരിച്ച് നി‍ർമാണ പ്രവ‍‍ർത്തനത്തിന് അനുമതി തേടി വ്യക്തികൾ സമീപിച്ചാൽ പ്രസ്തുത ഭൂമി ഭൂപതിവ് ചട്ടപ്രകാരം കൈമാറിയ കൃഷിഭൂമിയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അങ്ങനെയെങ്കിൽ അക്കാര്യം കൈവശാവകാശ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം. കൃഷിയാവശ്യത്തിന് നൽകിയ ഭൂമയിൽ മറ്റൊരു നിർമാണ പ്രവർത്തനവും പാടില്ലെന്ന ഹൈക്കോടതി മുൻ ഉത്തരവ് ശരിവെച്ചാണ് നടപടി. ഇതോടെ കേരളത്തിലെ ടൂറിസം മേഖലകളിലടക്കം ഭൂപതിവ് ചട്ടപ്രകാരം കൃഷിയാവശ്യത്തിനായി നൽകിയ ഭൂമിയിൽ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകാൻ സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ കഴിയില്ല.

click me!