ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

By Web TeamFirst Published Mar 31, 2021, 5:00 PM IST
Highlights

ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ഇഡി നൽകിയ ഹർജി കോടതി ഏപ്രിൽ 8ന് വീണ്ടും പരിഗണിക്കും.
 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ഇഡി നൽകിയ ഹർജി കോടതി ഏപ്രിൽ 8ന് വീണ്ടും പരിഗണിക്കും.

കസ്റ്റംസ് ഉദ്യോഗസ്ഥനെ സമൻസ് നൽകി വിളിപ്പിച്ചിട്ടില്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനെയും അങ്ങനെ വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. കേസ് തീർപ്പാക്കുന്നതിന് മുമ്പ് ഇടക്കാല സ്റ്റേ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

ക്രൈംബ്രാ‍ഞ്ചിനെതിരെ ശകത്മായ വാദങ്ങളാണ് ഇഡി കോടതിയിൽ നിരത്തിയത്. എഫ്ഐആർ തന്നെ അസംബന്ധമാണ്. അത് റദ്ദാക്കണം. കേസിൽ സ്വപ്ന സുരേഷ് പോലും ഇഡിക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇഡി ഉദ്യോ​ഗസ്ഥർ സമ്മർദ്ദം ചെലുത്തിയാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിച്ചതെന്ന് സ്വപ്ന ഒരിടത്തും മൊഴി നൽകിയിട്ടില്ല. അങ്ങനെയൊരു കള്ളമൊഴിയുണ്ടാക്കി കേസ് എടുത്താൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ തന്നെ തങ്ങൾക്ക് നടപടിയെടുക്കാൻ കഴിയും എന്നതടക്കമുള്ള ശകത്മായ വാദങ്ങളാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്. 

ഇഡിക്കെതിരായ ക്രൈംബ്രാ‍ഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡിയുടെ വാദം. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം ഇതിന് പിന്നിൽ ഉണ്ടെന്നും ഇഡി പറയുന്നു. 

Read Also: ക്രൈം ബ്രാഞ്ച് എഫ്ഐആ‍ര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയിൽ...

 

click me!