Asianet News MalayalamAsianet News Malayalam

'ക്രൈം ബ്രാഞ്ച് എഫ്ഐആ‍ര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയിൽ

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആർ അസംബന്ധമാണെന്ന് ഇഡി ഹൈക്കോടതിയിൽ

crime branch inquiry against ed gold smuggling case kerala investigation
Author
Kochi, First Published Mar 31, 2021, 11:35 AM IST

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആർ അസംബന്ധമാണെന്ന് ഇഡി ഹൈക്കോടതിയിൽ. സ്വര്‍ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് ഇഡി ആരോപിച്ചു. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകൾ പരിശോധിക്കാൻ മറ്റൊരു ഏജൻസിക്ക് അനുവാദമില്ല. ഇത് പരിശോധിക്കേണ്ടത് കോടതിയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഇതിന്‍റെ പേരില്‍ ക്രൈംബ്രാഞ്ചിനെതിരെ കേസെടുക്കാൻ ഇ.ഡിയ്ക്ക് സാധിക്കുമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. ഇഡിയ്ക്ക് എതിരായ ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ അസംബന്ധമാണ്. സ്വപ്നയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരിയുടെ സഹായത്തോടെയാണ്. ഇവരെ തന്നെയാണ് കേസില്‍ സാക്ഷിയാക്കിയിരിക്കുന്നത്. ഇക്കാര്യം സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡി ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. 

എന്നാൽ തെളിവുകൾ നശിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജൻസിയായ ഇഡിയുടെ അന്വേഷണം ശരിയായ രീതിയിൽ ആണോ എന്നാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതെന്നും സ‍ര്‍ക്കാ‍‍ര്‍ കോടതിയിൽ വാദിച്ചു. 

അന്വേഷണത്തിന്റെ കേസ് ഡയറി കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന് വിശദാംശങ്ങളും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഇഡിയുടെ അപേക്ഷ. 

എൻഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാ‍ഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ഇഡി യ്ക്കെതിരെ ക്രൈംബ്ര‌ാഞ്ച് കേസ് എടുത്തതെന്നാണ് ഇഡി വിശദീകരിക്കുന്നത്. സ്വർണ്ണക്കടത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കേസിന് പിന്നിൽ ഉണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. 

അതേസമയം ഹർജിയുടെ പേരിൽ  സംസ്ഥാന നേതാക്കൾക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇഡി പുറത്ത് വിടുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് സർക്കാർ നിലപാട്. ഇഡിയ്ക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വഷണം പൂർത്തിയാക്കിയതിന് ശേഷമാണ്. സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിൽ അന്വേഷണം ആവശ്യപ്പെട്ടതും ഇഡി ആണെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios