കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

By Web TeamFirst Published Aug 17, 2020, 11:36 AM IST
Highlights

അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെൻറ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി.

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസും എൻഫോഴ്സ്മെന്‍റും നടത്തുന്ന അന്വേഷണങ്ങൾ തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഹർജി കോടതി തീർപ്പാക്കി.

നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്‍റെ രണ്ട് അക്കൌണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണ  അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും  ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ പ്രാഥമിക  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാൻ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചതായി ഹർജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

click me!