ശബരിമല തീർത്ഥാടക ബസ് അപകടം; ഇടപെട്ട് ഹൈക്കോടതി, മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി

By Web TeamFirst Published Mar 28, 2023, 9:46 PM IST
Highlights

അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് മറുപടി നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഓഫീസറോട് ആവശ്യപ്പെട്ടു. നാളെ വിഷയം ഹൈക്കോടതി പരിഗണിക്കും. 

കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടക‍ർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇടപെട്ട് ഹൈക്കോടതി. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് മറുപടി നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഓഫീസറോട് ആവശ്യപ്പെട്ടു. നാളെ വിഷയം ഹൈക്കോടതി പരിഗണിക്കും. 

ഇലവുങ്കൽ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം നടന്നത്. അപകടത്തില്‍ അൻപതോളം പേർക്ക് പരിക്കേറ്റു. മൈലാടുംതുറ സ്വദേശികളായ തീർത്ഥാടകർ ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാം വളവിൽ അപകടം ഉണ്ടായത്. അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.

അമിത വേഗതയാണ് അപകടത്തിന് കാരണമായത് എന്നാണ് സംശയം. വേഗത്തിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തൽ. ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞില്ല. അതേസമയം പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Also Read :

അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്താൻ  മന്ത്രി പി പ്രസാദ് നിർദ്ദേശിച്ചു.

Also Read : ശബരിമല തീർത്ഥാടക ബസ് അപകടം: വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങളില്ല, അപകടം അമിത വേഗത മൂലമെന്ന് സംശയം

click me!