Latest Videos

'പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിന് ചട്ടമുണ്ടോ?', ഉത്തരം തേടി ഹൈക്കോടതി

By Web TeamFirst Published Feb 17, 2021, 12:26 PM IST
Highlights

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. സർക്കാറിനോട് പത്ത് ദിവസത്തിനകം വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. 

കൊച്ചി: പൊതുമേഖലാസ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങളോ ചട്ടങ്ങളോ ഉണ്ടോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. സർക്കാറിനോട് പത്ത് ദിവസത്തിനകം വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജി സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും വാദം പിന്നീട് നടക്കും. 

സംസ്ഥാനത്തെ കൂട്ടസ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളും തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നിരവധി ഉദ്യോഗാർത്ഥികൾ അവസരം കാത്തിരിക്കുമ്പോൾ ഇത്തരം പിൻവാതിൽ നിയമനങ്ങൾ സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ ജീവിതം തന്നെയാണ് തകർക്കുന്നതെന്നാണ് ഹർജിയിൽ യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കെൽട്രോൺ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ പിൻവാതിൽ നിയമനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രാഥമികമായി ഇങ്ങനെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ ചട്ടങ്ങളെന്തൊക്കെ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരിക്കുന്നത്. 

നേരത്തേ കേരള ബാങ്കിലെ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്ഥിരപ്പെടുത്തൽ തീരുമാനിക്കാൻ കേരള ബാങ്ക്  ബോർഡ് യോഗം ചേരാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. 

കണ്ണൂർ സ്വദേശിയായ ഉദ്യോഗാർത്ഥിയാണ് കേരള ബാങ്കിൽ ഇടത് അനുകൂലികളായ 1850 ജീവനക്കാരെ  സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ചൂണ്ടാകാട്ടി കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. എന്നാൽ അത്തരം  തീരുമാനം സർക്കാറിന്‍റെ പരിഗണനയിൽ ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ നിയമനത്തിനുള്ള നടപടികളുടെ ഭാഗമായി ഗവ. സെക്രട്ടറി അയച്ച സർക്കുലറിന്‍റെ കോപ്പി ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് ജസ്റ്റിസ് സുനിൽ തോമസ്  സ്ഥിരപ്പെടുത്തൽ താൽക്കാലികമായി തടഞ്ഞത്.

click me!