'ആ കടുംവെട്ട് ഇവിടെ വേണ്ട', ടെന്നിസ് ക്ലബ് വിവാദത്തിൽ ടോം ജോസിനെതിരെ മന്ത്രി

By Web TeamFirst Published Feb 17, 2021, 11:13 AM IST
Highlights

ടെന്നിസ് ക്ലബിന്റെ പാട്ടക്കുടിശ്ശിക കടുംവെട്ട് വെട്ടി കുറച്ച ചീഫ് സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് റവന്യൂമന്ത്രി ഉന്നയിക്കുന്നത്. തന്നെപ്പോലും കാണിക്കാതെ ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയെന്ന് ഇ ചന്ദ്രശേഖരൻ. 

തിരുവനന്തപുരം: തലസ്ഥാനത്തെ ടെന്നിസ് ക്ലബ്ബിന്റെ പാട്ടക്കുടിശ്ശികയുടെ പേരിൽ മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് റവന്യൂമന്ത്രിയുടെ രൂക്ഷവിമർശനം. ക്രമവിരുദ്ധമായിട്ടാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബിന്റെ കുടിശ്ശിക ചീഫ് സെക്രട്ടറി കുറച്ചുകൊടുത്തതെന്നും, താൻ പോലും കാണാതെ ഈ ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൊടുത്തെന്നും രൂക്ഷമായി വിമർശനക്കുറിപ്പെഴുതിയ ഫയലിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായിട്ടാണ് ടെന്നിസ് ക്ലബ്ബിന് പാട്ടം പുതുക്കി നൽകിയതെന്നും, ടെന്നിസ് ക്ലബ്ബിന്റെ ഭൂമി ഏറ്റെടുക്കാനുള്ള ശുപാർശയിൽ ചീഫ് സെക്രട്ടറി മാറ്റം വരുത്തി, ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്ന് എഴുതിയെന്നും, ഇത് താനറിഞ്ഞില്ലെന്നും, ഇ ചന്ദ്രശേഖരൻ ഫയലിൽ എഴുതിയിട്ടുണ്ട്.

ഇതോടെ റവന്യൂമന്ത്രിയുടെ കടുത്ത എതിർപ്പിനിടെയാണ് പാട്ടക്കുടിശ്ശിക വരുത്തുകയും പാട്ടക്കരാർ ലംഘിക്കുകയും ചെയ്ത ടെന്നിസ് ക്ലബ് ഏറ്റെടുക്കാനുള്ള ഫയൽ ചീഫ് സെക്രട്ടറി കൈകാര്യം ചെയ്തതെന്ന് വ്യക്തമായി.  ക്ലബ് ഏറ്റെടുക്കണമെന്നതായിരുന്നു സർക്കാർ നിലപാട്. ഇതനുസരിച്ച് ഫയൽ തയ്യാറാക്കി റവന്യൂവകുപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തതാണ്. 

എന്നാൽ ഇതിനിടെയാണ് അട്ടിമറിയുണ്ടായത്. ടെന്നിസ് ക്ലബ്ബിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നും, ഇതൊരു പൊതുകാര്യപ്രസക്തമായ സ്ഥാപനമാണെന്നും, ടെന്നിസ് ക്ലബ്ബിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഫയലിൽ എഴുതി. അതിനാൽ പാട്ടക്കുടിശ്ശിക കുറച്ചുകൊടുത്ത് പ്രവർത്തനം തുടരാൻ അനുവദിക്കാവുന്നതാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. 

പൊതുതാല്പര്യമുള്ള കായികപരിശീലനം നൽകുന്ന സ്ഥാപനമായതിനാൽ ഇളവ് വേണമെന്നാണ് ടോം ജോസ് ഫയലിൽ എഴുതിയത്. എന്നാൽ, ടെന്നീസ് ക്ലബിൽ  സൗജന്യം പരിശീലനം ഇല്ലെന്ന് കാണിച്ച് ഭൂമി ഏറ്റെടുക്കാൻ റവന്യൂ സെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു. ടോം ജോസ് മാറി വിശ്വാസ് മേത്ത വന്നപ്പോഴും നിലപാട് ക്ലബിന് അനുകൂലം തന്നെയായിരുന്നു. ഒറ്റയടിക്ക് 11 കോടിയുടെ കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു. 

ഈ നിലപാടെഴുതിയ ഫയൽ ചീഫ് സെക്രട്ടറി റവന്യൂമന്ത്രിയെ കാണിക്കാതെ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. വീണ്ടും ഫയൽ കൈമാറി റവന്യൂമന്ത്രിയുടെ പക്കൽ എത്തിയപ്പോഴാണ് താൻ പോലുമറിയാതെ ചീഫ് സെക്രട്ടറി ഇത്തരമൊരു കുറിപ്പ് എഴുതിയ കാര്യം ഇ ചന്ദ്രശേഖരൻ അറിഞ്ഞത് തന്നെ. ഇതാണ് റവന്യൂമന്ത്രിയെ പ്രകോപിപ്പിച്ചത്. 

താൻ അറിയാതെ, ഇത്തരമൊരു വിയോജനക്കുറിപ്പ് എഴുതാൻ എങ്ങനെയാണ് ചീഫ് സെക്രട്ടറിക്ക് കഴിയുക എന്നതടക്കം രൂക്ഷമായ പരാമർശങ്ങളാണ് ഫയലിൽ ഇ ചന്ദ്രശേഖരൻ നടത്തുന്നത്. ചട്ടവിരുദ്ധമാണ് ഇത്തരമൊരു കുറിപ്പ് എന്നും ഇ ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടുന്നു. റവന്യൂസെക്രട്ടറി ക്ലബ് ഭാരവാഹികളെ വിളിച്ചുവരുത്തി വീണ്ടും ഹിയറിംഗ് നടത്തട്ടെയെന്നും ഇ ചന്ദ്രശേഖരൻ ആവശ്യപ്പെടുന്നു. 

എന്നാൽ മുഖ്യമന്ത്രി ഈ ആവശ്യം നിരാകരിച്ചുവെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇനി വീണ്ടും ഈ വിഷയത്തിൽ ഹിയറിംഗിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഫയൽ കായികമന്ത്രിക്ക് കൈമാറാനും നിർദേശിക്കുന്നു. 

പാട്ടക്കുടിശ്ശിക വരുത്തിയതിന് റവന്യുവകുപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച തിരുവനന്തപുരം ടെന്നീസ് ക്ലബിന്റെ കുടിശ്ശിക 11 കോടിയിൽ നിന്ന് വെറും ഒരു കോടിയാക്കി കുറയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ച വാർത്ത നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.  സർക്കാറിന്റെ ഈ കടുവെട്ട് തീരുമാനത്തിനെതിരെ കടുത്ത എതിർപ്പാണ് റവന്യൂവകുപ്പിനുള്ളത്. ക്ലബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സർക്കാർ തീരുമാനം റദ്ദാക്കാൻ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിയോഗിച്ച എകെ ബാലൻ സമിതി ശുപാർശ ചെയ്തിരുന്നതാണ്. അന്തിമതീരുമാനം ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം കൈക്കൊള്ളും. 

പൊതുജനങ്ങൾക്കെല്ലാം ഈ ക്ലബ്ബിൽ ഇഷ്ടം പോലെ സൗജന്യനിരക്കിൽ ടെന്നീസ് കളിക്കാവുന്ന ക്ലബ്ബല്ല തിരുവനന്തപുരത്തേത്. വൻതുക അംഗത്വഫീസാണ് ടെന്നിസ് ക്ലബ് ഈടാക്കുന്നത് . അങ്ങിനെയുള്ള ക്ലബിനാണ് പൊതുജനതാല്പര്യം പറഞ്ഞുള്ള സർക്കാർ സഹായം. അതും, മുൻ സർക്കാറിന്റെ തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാറിന്റെ വാരിക്കോരിയുള്ള ഇളവ്. 

click me!