'ബില്ലടയ്ക്കാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നു'; സനിലിന്‍റെ മരണത്തില്‍ ആരോപണം നിഷേധിച്ച് കെഎസ്ഇബി

By Web TeamFirst Published Feb 17, 2021, 12:11 PM IST
Highlights

സനില്‍ അവസാന ബില്‍ അടച്ചത് ജൂണിലാണ്. ജൂലൈ മുതലുള്ള ബിൽ കുടിശ്ശിക ഉണ്ടായിരുന്നു. തുക അടച്ചില്ലെങ്കില്‍ 15 ദിവസത്തിന് ശേഷം വൈദ്യുതി വിച്ഛേദിക്കുമെന്ന നോട്ടീസ് ജനുവരി 14 ന് നൽകിയിരുന്നതായി മാരായമുട്ടം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.  

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തങ്ങള്‍ക്ക് എതിരായ ആരോപണം നിഷേധിച്ച് കെഎസ്ഇബി. മരിച്ച സനില്‍ അവസാന ബില്‍ അടച്ചത് ജൂണിലാണെന്നും ജൂലൈ മുതലുള്ള ബിൽ കുടിശ്ശിക ഉണ്ടായിരുന്നതായും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. തുക അടച്ചില്ലെങ്കില്‍ 15 ദിവസത്തിന് ശേഷം വൈദ്യുതി വിച്ഛേദിക്കുമെന്ന നോട്ടീസ് ജനുവരി 14 ന് നൽകിയിരുന്നതായി മാരായമുട്ടം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.  

വൈദ്യുതി വിച്ഛേദിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചെന്ന സനിലിന്‍റെ മകന്‍റെ ആരോപണവും ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് തങ്ങളെ വിളിച്ചിട്ടില്ല. സനിലിനെ  കൂടാതെ ആറ് വീട്ടിൽ കൂടി ഇന്നലെ വൈദ്യുതി വിച്ഛേദിച്ചിരുന്നതായും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. സനിലുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും കെഎസ്ഇബിയിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും  പഞ്ചായത്ത് പ്രസിഡന്‍റും പറഞ്ഞു.

സനിലിന്‍റെ മരണം കെഎസ്ഇബിയുടെ പിടിവാശി മൂലമെന്നായിരുന്നു മകന്‍റെ ആരോപണം. വൈകിട്ട് അഞ്ചുമണിയ്ക്കകം ബില്‍ അടയ്ക്കാമെന്ന് പറഞ്ഞിരുന്നതാണ്. അതുകേള്‍ക്കാതെയാണ് ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിച്ചത്. സ്വതന്ത്രനായി മത്സരിച്ചശേഷം സനിലിന് ആനുകൂല്യങ്ങള്‍ നിഷേധിച്ചിരുന്നതായും മകന്‍ ആരോപിച്ചിരുന്നു. 

കഴിഞ്ഞ രാത്രിയാണ് സനിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരിച്ചു. കഴിഞ്ഞ ദിവസം പതിനൊന്ന് മണിയോടെയാണ് വൈദ്യുതി വിച്ഛേദിക്കാൻ ആയി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. 

click me!