ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

By Web TeamFirst Published Jun 21, 2019, 10:30 AM IST
Highlights

ആന്തൂർ മുൻസിപ്പാലിറ്റിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹർജി ഇന്ന് കോടതി പരിഗണിക്കും.

കൊച്ചി: ആന്തൂര്‍ നഗരസഭാ പരിധിയിൽ നിര്‍മ്മിച്ച കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആന്തൂർ മുനിസിപ്പാലിറ്റിക്കെതിരെയാണ് നടപടി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനാണ് കേസ് എടുത്തത്. ഹർജി ഇന്ന് കോടതി പരിഗണിക്കും.

സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്‍റ് എൻജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിൻ, സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ചില കുറവുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതെന്നും തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തിയാൽ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോ‍ർട്ട് നൽകാൻ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. ഇതിനിടയിലാണ് സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട്‌ ദിവസം മുമ്പ്‌ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്,  കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍  കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.
 

click me!