
തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ചു. ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ഇതിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷം കടന്നു.
കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സംഘം അയച്ചത്. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായം കേന്ദ്രസംഘം നൽകും. പരിശോധനകൾ, രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്.
നേരത്തെ മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് രോഗമുക്തർ 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. 24 മണിക്കൂറിനിടെ 62,212 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 ആയി. ഇന്നലെ 837 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam