
കൽപറ്റ: വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് മന്ത്രി നിർദേശം നൽകി. മുൻകരുതൽ സ്വീകരിക്കാനുള്ള ബോധവത്കരണം ഇന്ന് തുടങ്ങും. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പ്രത്യേക യോഗം ചേരും.
കിണറുകൾ സ്പെഷ്യൽ ഡ്രൈവിലൂടെ ക്ലോറിനേഷൻ നടത്തും. കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്‌കൂളുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. ഡിസ്ചാർജ് ചെയ്ത കുട്ടികളിൽ ചിലർ വീണ്ടും രോഗലക്ഷണം പ്രകടിപ്പിച്ചതിനാൽ അവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്‌കൂളുകളിൽനിന്ന് ജലപരിശോധന നടത്തിയതിൽ വീഴ്ച വന്നോ എന്ന് പരിശോധിക്കും. പരിശോധനയിൽ ഒരു വീഴ്ചയും പാടില്ലെന്ന് മന്ത്രി നിർദേശം നൽകി. കോളിയാടി സ്‌കൂളിലെ കുട്ടികളുമായി സമ്പർക്കം വഴി 14 പേർക്ക് കൂടി രോഗലക്ഷണം ഉണ്ടായിട്ടുണ്ട്.
കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. 25 വിദ്യാർത്ഥികളാണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 38 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. സ്കൂൾ തുറന്നതിന് പിന്നാലെ ആണ് കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.
ജില്ലയിലെ സാഹചര്യം വിലയിരുത്താനായി ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ട് വയനാട്ടിൽ എത്തും. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘത്തെ വയനാട്ടിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യരുടെ കുടലിലേക്ക് പടരുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഷിഗല്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ വ്യാപിക്കുന്ന രോഗമാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam