മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ; സുപ്രധാന തീരുമാനങ്ങൾ, പാലിയേറ്റീവ് സേവനത്തിൽ മാര്‍ഗനിര്‍ദേശം

Published : Mar 05, 2025, 05:48 PM IST
മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ; സുപ്രധാന തീരുമാനങ്ങൾ, പാലിയേറ്റീവ് സേവനത്തിൽ  മാര്‍ഗനിര്‍ദേശം

Synopsis

പാലിയേറ്റീവ് കെയര്‍ സേവനം സാര്‍വത്രികമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി. 

പാലിയേറ്റീവ് കെയര്‍ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ നല്‍കും. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷന്‍ കൂടി ആവശ്യമാണ്. വോളന്റിയര്‍മാര്‍ക്ക് വാര്‍ഡ് തലത്തില്‍ പരിശീലനം ഉറപ്പാക്കും. അതിന് ശേഷമായിരിക്കും സന്നദ്ധ സേവനത്തിന് നിയോഗിക്കുന്നത്. വിവിധ വകുപ്പുകളെ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിക്കും.

പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള കെയര്‍'പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍, സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളേയും ഏകോപിപ്പിച്ച് കൊണ്ട് കിടപ്പ് രോഗികള്‍ക്ക് മികച്ച സാന്ത്വന പരിചരണ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. 

രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം ഉറപ്പാക്കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കല്‍, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്, പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ് എന്നിവയാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

കിടപ്പ് രോഗികള്‍ക്ക് പരിചരണത്തോടൊപ്പം മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കാനും പാലീയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ സാധിക്കും. ഇതിലൂടെ സാന്ത്വന പരിചരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നോഡല്‍ ഓഫീസര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മൂന്നേ മൂന്ന് ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കൂ, തലച്ചോറില്‍ വലിയ മാറ്റം വരുത്താം; ശ്രദ്ധേയമായി പഠനം

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ