
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ഒന്നാം നമ്പർ ഭീരു ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Congress Leader Ramesh Chennithala). പൊതുജനങ്ങൾക്ക് മാത്രമല്ല, പൊലീസിനും, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത്. മുഖ്യമന്ത്രിയെ ഉപദേശകർ ഹൊറർ സിനിമകൾ കാണിക്കണം. അൽപ്പം ധൈര്യം വെക്കട്ടെയെന്ന് ചെന്നിത്തല പരിഹസിച്ചു. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മുഖ്യമന്ത്രി ഒന്നാം നമ്പർ ഭീരു*.
പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത്
മുഖ്യമന്ത്രിയെ ഉപദേശകർ കുറേശ്ശെ ഹൊറർ സിനിമകൾ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണം, വഴിപാടുകൾ നടത്തണം, ജപിച്ച ഏലസ്സുകൾ നൽകുകയോ, ഓതിക്കുകയോ, കുർബ്ബാന അർപ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാർത്ഥനകൾ നടത്തണം… അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും.
കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്.
അതുകൊണ്ട് പൊതുനിരത്തിൽ പൊതുജനങ്ങൾക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാൻ എല്ലാവരും പ്രാർത്ഥിക്കുക.
പൊലീസുകാർ നോക്കി നിൽക്കേ കരിങ്കൊടിയുമായെത്തിയ കെഎസ്‍യു പ്രവർത്തകനെ തല്ലി സിപിഎമ്മുകാർ
കണ്ണൂർ: കണ്ണൂരിൽ കനത്ത സുരക്ഷയ്ക്കിടെ കടന്ന് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു പ്രവർത്തകനെ പൊലീസ് വാഹനത്തിനുള്ളിൽ വച്ച് മർദ്ദിച്ച് സിപിഎം പ്രവർത്തകർ. കെഎസ്‍യു ജില്ലാ സെക്രട്ടറി ഫർഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ പൊലീസിന് തടയാൻ പോലുമായില്ല. പൊലീസ് വാഹനത്തിൽ വച്ച് പ്രവർത്തകനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു പൊലീസ്.
ഇതിനിടെ തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് - കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ഇടങ്ങളിലെല്ലാം സിപിഎം പതാകയുമായി പ്രവർത്തകർ പുറത്തുണ്ട്. ഇന്ന് രാവിലെ മുതൽ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മടങ്ങുന്നത് വരെ തടങ്കലിൽ വയ്ക്കും.
മുഖ്യമന്ത്രിയുടെ അസാധാരണ സുരക്ഷ; പിണറായിയുടെ രീതികൾ അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി
പ്രതിഷേധം ഫലം കണ്ടു, മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് കറുത്ത മാസ്ക് വച്ചവര്‍ക്കും പ്രവേശനം