
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പുതല ഏകോപനത്തിന് പുതിയ സംവിധാനം തയ്യാറാക്കും. ഡാറ്റ ഡ്രിവൺ ഫയൽ നീക്കത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിംഗ് സംവിധാനം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികൾക്ക് പ്രോട്ടോക്കോൾ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകും. അതിവേഗ റെയിൽപദ്ധതിക്കുള്ള വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. സര്‍ക്കാര്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ലഭ്യതയടക്കം പരിശോധിക്കണം. പാസഞ്ചര്‍ ട്രെയിൻ മാത്രം പറ്റില്ലെന്നും ചരക്ക് നീക്കവും കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോയേഴ്സ് കോണ്‍ഗ്രസ് ആരോപണം തള്ളിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രണ്ട് പേരും ലോയേഴ്സ് കോണ്‍ഗ്രസ് പട്ടികയിലുള്ളവരാണ്. എജിയോട് അഭിപ്രായം തേടിയിട്ടുണ്ട്. അഭിഭാഷകരെന്ന നിലയിൽ അവരുടെ മത്സര ക്ഷമതയും കണക്കിലെടുത്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ടിൽ, സാങ്കേതികവാദം നിരത്തിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്, സര്‍ക്കാരിന് മുന്നിൽ റിപ്പോര്‍ട്ട് എത്തിയില്ല. നടപടിയെടുക്കുമ്പോള്‍ അറിഞ്ഞാൽ മതിയെന്നാണ് മാധ്യമങ്ങളെ പഴിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഎസ്എസിന് കാണാൻ അവസരം നിഷേധിച്ചെന്ന വാര്‍ത്ത തെറ്റാണ്. ജി സുകുമാരൻ നായരോട് കാര്യമായി ഫോണിൽ സംസാരിച്ചു.
വിഴിഞ്ഞം വിഷയത്തിൽ സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായ ഒന്നും ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന് ഇളവ് നൽകിയത് ഇടത് സര്‍ക്കാരാണ്. പദ്ധതി നിര്‍മാണം നീണ്ടപ്പോള്‍ ഈടാക്കേണ്ട നഷ്ടപരിഹാര തുക ഒഴിവാക്കി. കെപിസിസി പ്രസിഡന്‍റ് സ്ഥാനം സംഘടനാപരമായി തീരുമാനിക്കേണ്ടതാണെന്നും പ്രതിപക്ഷം ആദ്യം ഉപനേതാവിനെ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam