സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു

By Web TeamFirst Published Mar 11, 2019, 2:30 PM IST
Highlights

തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തില്‍ വന്ന ഉത്തരവ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫ്ളക്സ് പ്രിന്‍റിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയാവും. ആയിരക്കണക്കിന് ഫ്ളക്സുകളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും ‍പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. 

കൊച്ചി: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ എന്ന വ്യക്തി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 

ഫ്ളക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലേക്ക് ശ്യാമിന്‍റെ ഹര്‍ജിയും മാറ്റണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണെന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് ഹൈക്കോടതി ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം നിരോധിച്ചത്. 

ഹര്‍ജിയില്‍  സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും മലീനകരണ ബോര്‍ഡിനേയും ഇലക്ഷന്‍ കമ്മീഷനേയും എതിര്‍കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തില്‍ വന്ന ഉത്തരവ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫ്ളക്സ് പ്രിന്‍റിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയാവും. ആയിരക്കണക്കിന് ഫ്ളക്സുകളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും ഇറക്കപ്പെടുന്നത്. 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്.വഴിയോരങ്ങളിലും മറ്റും അനുവദമില്ലാതെ സ്ഥാപിച്ച ഫ്ളകസ് ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ആ ബെഞ്ച് ഉത്തരവിട്ടിരുന്നു. അനധികൃതമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍ അടക്കമുള്ളവരെ പ്രതിയാക്കി നേരത്തെ കൊച്ചി കോര്‍പ്പറേഷന്‍ കേസെടുത്തിടുന്നു. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത പക്ഷം അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

click me!