മൂന്നാറിലെ കയ്യേറ്റം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

By Web TeamFirst Published Jul 17, 2019, 12:21 PM IST
Highlights

കയ്യേറ്റങ്ങളെ എതിർക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക്  സൗകര്യം ഒരുക്കുന്നെന്നാണ് കോടതി വിമര്‍ശിച്ചത്. 

കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങളെ സംസ്ഥാനസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

കയ്യേറ്റങ്ങളെ എതിർക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നെന്നാണ് കോടതി വിമര്‍ശിച്ചത്. കയ്യേറ്റഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

കയ്യേറ്റഭൂമിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കയ്യേറ്റഭൂമി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2010ല്‍ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ 
ഗൗരവം കാണിക്കുന്നില്ലെന്നാരോപിച്ച് പരിസ്ഥിതി സംരക്ഷണ സമിതി നൽകിയ കോടതിയലക്ഷ്യ ഹർജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ഇന്ന് കോടതിയുടെ ഭാഗത്തുനിന്ന് സര്‍ക്കാരിനെതിരെ  വിമര്‍ശനമുണ്ടായത്.

click me!