നസീമിനെതിരെ പരാതിപ്പെട്ട പൊലീസുകാരനെ വാട്‍സ് ആപ്പ് ഉപയോഗിച്ച് പാര്‍ട്ടി പൂട്ടിയത് ഇങ്ങനെ

By Web TeamFirst Published Jul 17, 2019, 11:56 AM IST
Highlights

കാര്യമായ പരാതി അല്ലെങ്കിൽ സസ്പെൻഷനിലായി മൂന്ന് മാസത്തിനകം തിരിച്ചെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ യൂണിവേഴ്‍സിറ്റി വധശ്രമക്കേസിൽ നസീം അടക്കമുള്ള പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനെന്ന പോലെ ശരത്തിനെ തിരിച്ചെടുക്കാൻ ഉത്തരവിറങ്ങിയത്.

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളജ് കുത്തുകേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ നേതാവുമായിരുന്ന നസീമിന്‍റെയും സംഘത്തിന്‍റെയും മര്‍ദ്ദനത്തിനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ സസ്പെൻഷനിലായ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ എസ്എസ് ശരത്തിനെ തിരിച്ചെടുത്ത് ഉത്തരവിറങ്ങി. യൂണിവേഴ്‍സിറ്റി വധശ്രമക്കേസിൽ നസീം അടക്കമുള്ള പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനെന്ന പോലെ ശരത്തിനെ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം എടുക്കുന്നത്. 

കാര്യമായ പരാതി അല്ലെങ്കിൽ സസ്പെൻഷനിലായി മൂന്ന് മാസത്തിനകം തിരിച്ചെടുക്കണമെന്നാണ് വ്യവസ്ഥ. ആറ് മാസം മുമ്പ്  നടന്ന സസ്പെൻഷന്‍ പിൻവലിക്കാനുള്ള നടപടികൾ വച്ച് താമസിപ്പിച്ച ആഭ്യന്തര വകുപ്പ് നസീം അറസ്റ്റിലായതിന് തൊട്ട് പിന്നാലെ നടപടി പിൻവലിച്ച് ഉത്തരവിറക്കിയെന്നതാണ് ഏറെ ശ്രദ്ധേയം. 

പാളയത്ത് വൺവെ തെറ്റിച്ച് വണ്ടിയോടിച്ച വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതിനാണ് ട്രാഫിക് പൊലീസുകാരനെ നസീമും സംഘവും മര്‍ദ്ദിച്ച് അവശനാക്കിയത്. രക്ഷിക്കാനെത്തിയ മറ്റൊരു പൊലീസുകാരനും സാരമായ പരിക്കേറ്റു. എന്നാൽ പൊലീസുകാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാരും സിപിഎം നേതാക്കളും ശ്രമിച്ചതെന്നാണ് പ്രധാന ആരോപണം. യൂണിവേഴ്‍സിറ്റി കോളേജിൽ തന്നെ തങ്ങിയിരുന്ന നസീമിനെ അറസ്റ്റ് ചെയ്യാൻ കൺന്‍റോൺമെന്‍റ് പൊലീസ് തയ്യാറായില്ല. ഒളിവിലെന്ന് പൊലീസ് പറഞ്ഞിരുന്ന പ്രതി പൊതുവേദികളിൽ സജീവമാണെന്ന് ചിത്രം സഹിതം വാര്‍ത്തകൾ പുറത്ത് വന്നപ്പോഴാണ് നസീം കീഴടങ്ങുന്നത്. 

എസ്എഫ്ഐ നേതാക്കൾക്കെതിരായ പരാതി പിൻവലിക്കാൻ പൊലീസുകാര്‍ക്ക് മേൽ പാര്‍ട്ടി നേതൃത്വം വലിയ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അതിന് വഴങ്ങാത്തതിനാൽ മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ്പ് പോസ്റ്റിട്ടതിന്‍റെ പേരിൽ സസ്പെഷൻ നടപടിയിലേക്ക് കടക്കുകയുമായിരുന്നു എന്നാണ് ആക്ഷേപം.  ഇതിനായി ഉപയോഗിച്ച വാട്സ് ആപ്പ് സന്ദേശം സസ്പെൻഷനിലായ പൊലീസുകാരന്‍റെ പേരിൽ വ്യാജമായി ഉണ്ടാക്കിയതാണെന്ന വലിയ പരാതിയും നിലവിലുണ്ട്. 

നാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ പൊലീസുകാന്‍റെ പേരിൽ നമ്പര്‍ സേവ് ചെയ്ത് അതിൽ നിന്ന് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന പോസ്റ്റ് ഇട്ടശേഷം സ്ക്രീൻ ഷോട്ടെടുത്താണ് പരാതി നൽകിയതെന്നാണ് വിവരം. നമ്പര്‍ പരിശോധിക്കാനോ ആരോപണ വിധേയനായ പൊലീസുകാരന്‍റെ വിശദീകരണം കേൾക്കാനോ തയ്യാറായില്ലെന്നതും കരുതിക്കൂട്ടിയെടുത്ത നടപടി എന്ന ആക്ഷേപത്തിന് ബലം പകരുന്നതുമാണ്. 

 ആറ് മാസത്തോളം സേനക്ക് പുറത്ത് നിന്ന ശേഷമാണ് യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിനും പ്രതികളുടെ അറസ്റ്റിനും പിന്നാലെ ഇക്കഴിഞ്ഞ പതിനഞ്ചിനാണ് പൊലീസുകാരനെ തിരിച്ചെടുത്ത് ഉത്തരവിറക്കുന്നത്. അതേസമയം  സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനത്തിന് യൂണിവേഴ്‍സിറ്റി സംഘര്‍ഷവുമായി ബന്ധമില്ലെന്നും മുൻപെടുത്ത തീരുമാനത്തിൽ ഉത്തരവിറങ്ങിയത് ഇപ്പോഴാണെന്ന് മാത്രമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

 

click me!