പിവിആര്‍നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി മൂടിയെന്ന് പരാതി, രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

By Web TeamFirst Published Mar 28, 2024, 10:47 AM IST
Highlights

പരിസ്ഥിതി പ്രവര്‍ത്തകന്‍ ടിവിരാജന്‍ കഴിഞ്ഞ ജൂണ്‍ 26നാണ്  കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. കലക്ടര്‍ നടപടി സ്വീകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

നിലമ്പൂര്‍: കക്കാടം പൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവിയുടെ ഒഴുക്കു തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് ഉത്തരവിട്ട് ഹൈക്കോടതി. ഹര്‍ജിക്കാരനേയും എതിര്‍കക്ഷികളേയും കേട്ട്  ഉചിതമായ തീരുമാനമെടുക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്
 പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലായിരുന്ന പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞു നിര്‍മ്മിച്ചിരുന്ന നാലു തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിയമനപടികള്‍ തുടരുന്നതിനിടെ അന്‍വര്‍ ഉടമസ്ഥതാവകാശം  മറ്റൊരാള്‍ക്ക് കൈമാറി. തടയണ പൊളിക്കുന്നതിനെതിരെ അന്‍വറും പുതിയ ഉടമയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ  ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

  ഹൈക്കോടതി ഉത്തരവിനു പിന്നാലെ തടയണകള്‍ പൊളിച്ചു നീക്കിയപ്പോള്‍ അരുവി  മണ്ണിട്ടു മൂടിയെന്ന് പരാതി ഉയര്‍ന്നു. കാട്ടരുവി  ഒഴുകിയിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഡ്രൈനേജും കെട്ടി. മലയിടിച്ചും  നിലം നിരപ്പാക്കിയും ഭൂമിയുടെ ഘടനതന്നെ മാറ്റിയെന്നുമായിരുന്നു പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി   പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി വി രാജന്‍ കഴിഞ്ഞ ജൂണ്‍ 26നാണ്  കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കലക്ടര്‍ നടപടി സ്വീകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് രാജന്‍   ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു മാസത്തിനകം കോഴിക്കോട് ജില്ലാ കലക്ടര്‍  തീരുമാനമെടുക്കാനാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ ഉത്തരവിട്ടിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ച വിഷയത്തെക്കുറിച്ച് കോടതി അഭിപ്രായം പറയുന്നില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്....

 

click me!