Latest Videos

പിഎസ്‍സി: റാങ്ക് ലിസ്റ്റുകളിൽ നിന്ന് പിന്മാറാൻ നോട്ടറി നല്‍കുന്ന രേഖ വേണ്ട, ഹൈക്കോടതിയുടെ താത്ക്കാലിക ഉത്തരവ്

By Web TeamFirst Published Nov 28, 2020, 7:48 AM IST
Highlights

ജോലിയിൽ പ്രവേശിക്കാൻ താല്പര്യമില്ലാത്തവർക്ക് പട്ടികയിൽ നിന്ന് പിന്മാറാനുള്ള നടപടി ക്രമങ്ങൾ ഓൺലൈനാക്കുന്നതിൽ സർക്കാരിന്‍റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

കൊച്ചി: പിഎസ്‍സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്മാറാൻ നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ വേണ്ടെന്ന് ഹൈക്കോടതിയുടെ താത്ക്കാലിക ഉത്തരവ്. ജോലിയിൽ പ്രവേശിക്കാൻ താല്പര്യമില്ലാത്തവർക്ക് പട്ടികയിൽ നിന്ന് പിന്മാറാനുള്ള നടപടി ക്രമങ്ങൾ ഓൺലൈനാക്കുന്നതിൽ സർക്കാരിന്‍റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

റാങ്ക് പട്ടികയിൽ വന്ന ശേഷം ജോലിയിൽ പ്രവേശിക്കാൻ താത്പര്യമില്ലാത്ത ഉദ്യോഗാർത്ഥികൾ പിന്മാറിയാൽ മാത്രമേ അത് എൻജെഡി ഒഴിവുകൾ ആവുകയുള്ളു. എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്തെങ്കിലെ മറ്റ് ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കുകയുമുള്ളു. ഇത്തരത്തിലുള്ളവർക്ക് പട്ടികയിൽ നിന്ന് പിന്മാറാൻ കടമ്പകൾ ഏറെയാണ്. ഇതിന് പുറമെയാണ് 2017 ൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കണമെന്ന പിഎസ്‍സിയുടെ ഉത്തരവും വന്നത്. ഈ നിയമമാണ് ഹൈക്കോടതി താത്കാലിക ഉത്തരവിലൂടെ റദ്ദ് ചെയ്തിരിക്കുന്നത്. 

നടപടിക്രമങ്ങൾ ഇത്ര കഠിനമായതിനാൽ തന്നെ ജോലിയിൽ പ്രവേശിക്കാത്ത ഉദ്യോഗാർത്ഥികൾ പലരും പിന്മാറാൻ ശ്രമിക്കാറുമില്ല. ഇതിൻ്റെ തിക്ത ഫലം അനുഭവിക്കുന്നതാകട്ടെ റാങ്ക് ലിസ്റ്റിലുൾപ്പെട്ട് ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളും. ഈ സാഹചര്യത്തിലാണ് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പിഎസ്‍സി പ്രൊഫൈലില്‍ തന്നെ പിന്മാറാനുള്ള ഓപ്ഷൻ വെക്കണമെന്നായിരുന്നു ആവശ്യം. പിഎസ്‍സിയിൽ നിന്ന് അനുകൂല മറുപടി ലഭിക്കാതെ ആയതോടെയാണ് കോടതി ഇക്കാര്യത്തിൽ സർക്കാറിൻ്റെ നിലപാട് ആരാഞ്ഞത്.
 

click me!