
തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയെങ്കിലും ക്ഷേത്രങ്ങൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി. വിശ്വാസികളുടെ എതിർപ്പും ആശങ്കയും പരിഗണിച്ച് നേരത്തെ ക്രൈസ്തവ സഭകളും വിവിധ മുസ്ലീം മതവിഭാഗങ്ങളും തങ്ങൾക്ക് കീഴിലുള്ള ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദിയും സമാനനിലപാട് എടുക്കുന്നത്.
അതേസമയം സർക്കാർ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് തിരക്കിട്ട് ക്ഷേത്രങ്ങൾ തുറക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർവി ബാബു പറഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഒരു കാരണവശാലും ഭക്തർക്കായി തുറന്നു കൊടുക്കരുത്.
ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ ക്ഷേത്രം തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തതെന്നും ആർവി ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദിയുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ആർവി ബാബു ഭക്തർ ക്ഷേത്രദർശനത്തിൽ നിന്നും പരമാവധി വിട്ടു നിൽക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam