ക്ഷേത്രങ്ങള്‍ തുറക്കുന്നത് ജൂണ്‍ 30 വരെ നീട്ടണം: ഹിന്ദു സംഘടനകള്‍

By Web TeamFirst Published Jun 9, 2020, 12:00 AM IST
Highlights

ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ തീരുമാനം ദുരുദ്ദേശ്യത്തോടെയാണെന്ന് സംശയിക്കുന്നതായി വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളുടെ യോഗം വിലയിരുത്തി.

തിരുവനന്തപുരം: ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങള്‍ തുറക്കുന്നത് ജൂണ്‍ 30 വരെ നീട്ടിവെക്കണമെന്ന് ഹിന്ദു സംഘടനകള്‍. ഹിന്ദു ഐക്യവേദി അടക്കം 14 സംഘടനകളുടേതാണ് സംയുക്ത പ്രസ്താവന. ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ തീരുമാനം ദുരുദ്ദേശ്യത്തോടെയാണെന്ന് സംശയിക്കുന്നതായി വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളുടെ യോഗം വിലയിരുത്തി.
 
ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന വ്യത്യസ്തമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് വിട്ടത്. പക്ഷേ സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന രോഗവ്യാപനം കണക്കിലെടുക്കാതെയാണ് കേരള സർക്കാരും അവർക്ക് ഒത്താശ ചെയ്തു കൊണ്ടുമാണ് ദേവസ്വം ബോർഡുകളും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ വിമര്‍ശിച്ചു.

Also Read: 'സർക്കാർ വിശ്വാസികളെ താറടിക്കാന്‍ ശ്രമിക്കുന്നു'; ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം ദുരൂഹമെന്ന് വി മുരളീധരൻ

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബരിമലയിൽ രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. എത്ര മുൻകരുതൽ എടുത്താണെങ്കിലും, കൊവിഡ് രോഗവ്യാപനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ശബരിമലയിൽ ദര്‍ശനമനുവദിച്ചാൽ കൂടതൽ ദോഷകരമാകാനിടയുണ്ടെന്ന് ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ യോഗത്തില്‍ വിലയിരുന്നത്തി. മാത്രമല്ല, ശബരിമലവഴി രോഗവ്യാപനമുണ്ടായാൽ അത് ക്ഷേത്രങ്ങൾക്കെതിരെ ഒരു ആയുധമാക്കുവാനും, നിയമവിധേയമായിത്തന്നെ ക്ഷേത്രങ്ങൾ അടച്ചുപൂട്ടുവാനും, ഹിന്ദുക്കളെ അടച്ചാക്ഷേപിക്കാനുമുള്ള ഒരു ഗൂഢതന്ത്രം ഇതിൽ കാണുന്നുവെന്നും യോഗം വിമര്‍ശിച്ചു. 

കൊവിഡ് രോഗവ്യാപനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിലെയും, മറ്റു സംസ്ഥാനങ്ങളിലെയും പ്രധാന ക്ഷേത്രങ്ങളെല്ലാം ജൂണ്‍ 30 വരെ അടച്ചിട്ടുകൊണ്ട് തൽസ്ഥിതി തുടരുവാൻ അതാത് ക്ഷേത്ര ഭാരവാഹികൾ തീരുമാനമെടുത്തിരിക്കുകയാണ്. ശാസ്ത്രീയമായ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയും ഭക്തജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കുന്നതിന് ഇപ്പോൾ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം ദേവസ്വം ബോർഡുകൾ ഉൾപ്പടെയുളള ക്ഷേത്ര ഭരണാധിപന്മാർ കൈക്കൊള്ളുന്നതാകും ഉചിതമെന്നാണ് ഹിന്ദു സംഘടനകളുടെ പ്രസ്താവന.  

click me!