തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ബിജെപി. ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം ദുരൂഹമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ല. ദൈവ വിശ്വാസമില്ലാത്ത സർക്കാർ, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് വി മുരളീധരന്‍റെ വിമര്‍ശനം.

ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കാനിരിക്കെയാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്നത്. കേന്ദ്ര നിർദ്ദേശം വന്നശേഷം വിവിധ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാനം തീരുമാനിച്ചത്. രോഗവ്യാപന സാധ്യത മാത്രമല്ല ഗുരുതരമായ ആരോപണങ്ങൾ കൂടി ഉന്നയിച്ചാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും സർക്കാറിനെ വിമർശിക്കുന്നത്. കേന്ദ്ര നിർദ്ദേശപ്രകാരമാണ് സംസ്ഥാന തീരുമാനമെങ്കിലും വിശ്വാസികളെ താറടിക്കാനാണ് സംസ്ഥാനത്തിന്‍റെ ശ്രമമെന്നാണ് മുരളീധരന്‍ വിമർശിക്കുന്നത്. 

ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തി/യിട്ടുണ്ട്. ദേവസ്വം ബോർ‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ധൃതിപിടിച്ച് തുറക്കുന്നത് സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ  കുറ്റപ്പെടുത്തല്‍. പരിവാർ സംഘടനകളുടെ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. 

അതേസമയം, ആരാധനാലയങ്ങൾ തുറക്കാനിരിക്കെ  ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കവും തുടങ്ങി. ഗുരുവായൂർ ക്ഷേത്രവും പരിസരവും അഗ്നിശമനസേന അണുവിമുക്തമാക്കി. നാളെ രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. ഓൺലൈനായി ബുക്ക് ചെയ്തവർക്കാണ് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ഷേത്ര ദർശനമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. വിശ്വാസികൾ ബാഗുകൾ ചെരുപ്പുകൾ തുടങ്ങിയവ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.