
കാസർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്‌സ് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കാസർകോടിന്‍റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളെജിൽ പുതിയതായി ആരംഭിച്ച എംബിബിഎസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു.
കാസർകോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തിൽ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെന്‍റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി സെന്‍ററിൽ ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി സൗകര്യങ്ങൾ കൂടി ഒരുക്കും.
കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളേജുകൾ കൂടി അനുവദിച്ചതോടെ മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജുകളും നേഴ്സിങ് കോളേജുകളുമുള്ള സംസ്ഥാനം മാറിയെന്നും മന്ത്രി പറഞ്ഞു. നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകാരം ലഭിക്കാൻ മാനദണ്ഡങ്ങൾ ഓരോന്നും പാലിച്ച് മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അത് നമുക്ക് സാധിച്ചു. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. 2013ൽ സ്ഥലം കൈമാറി. കാസർകോട് 2016 ൽ നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ പ്രവർത്തനത്തിന്‍റെ ഭാഗമായ മുഴുവൻ ആളുകളോടും മന്ത്രി നന്ദി പറഞ്ഞു.
2020ൽ കൊവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചപ്പോൾ മുഖ്യമന്ത്രിയുടെ നിശ്ചയ ദാർഡ്യത്തിൽ അക്കാദമിക് ബ്ളോക്കിൽ കൊവിഡ് ആശുപത്രിയാക്കി. 273 അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു. നിലവിൽ കിഫ്ബിയിൽ നിന്ന് 160 കോടി അനുവദിച്ചു. ലാബ് സെറ്റ് ചെയ്യാൻ കാസർകോട് വികസന പാക്കേജിൽ തുക അനുവദിച്ചു. ജില്ലാ ആശുപത്രിയിൽ ആരംഭിച്ച കാത്ത് ലാബിൽ ഇത് വരെ 1837 പ്രൊസീഡ്യറുകൾ നടന്നു എന്നത് വളരെ സന്തോഷം നൽകുന്നുണ്ട് എന്നും വൈകാതെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കും എന്നും മന്ത്രി പറഞ്ഞു. പഠനത്തിൽ ശ്രദ്ധ കൊടുത്ത് ഭാവിയിൽ മികച്ച ഡോക്ടർമാരായി നമ്മുടെ സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി നിലകൊള്ളമെന്ന് അഡ്മിഷൻ നേടിയ വിദ്യാർഥികളോട് മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam