'പൊതുവിദ്യാഭ്യാസ സംരക്ഷണം സിഎജി ഓഡിറ്റിന് വിധേയം'; പ്രതിപക്ഷ നേതാവിനെതിരെ സിപിഎം

By Web TeamFirst Published Nov 10, 2020, 4:38 PM IST
Highlights

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ച്‌ വികസന പദ്ധതികളെ തടസ്സപ്പെടുത്തുക എന്നത്‌ യുഡിഎഫ്‌ - ബിജെപി കൂട്ടുകെട്ടിന്റെ അജണ്ടയാണെന്ന് സിപിഎം.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണം സിഎജി ഓഡിറ്റിന് വിധേയമാണെന്ന് സിപിഎം. സുതാര്യമായി നടത്തുന്ന പദ്ധതിയെ‌ ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച്‌ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു‌. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ച്‌ വികസന പദ്ധതികളെ തടസ്സപ്പെടുത്തുക എന്നത്‌ യുഡിഎഫ്‌ - ബിജെപി കൂട്ടുകെട്ടിന്റെ അജണ്ടയാണ്‌. ലൈഫ്‌ തുടങ്ങി കെ ഫോണ്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ തകര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണെന്നും സിപിഎം വിമര്‍ശിച്ചു‌.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവ്‌ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്ത്‌ വികസനം തടയുക മാത്രമാണ്‌ അവരുടെ ലക്ഷ്യമെന്ന്‌ വ്യക്തമായി. സാധാരണ കുടുംബങ്ങളിലെ ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കരുതെന്ന പിടിവാശി കൂടി യുഡിഎഫിനുണ്ട്‌. 'ലാഭകര'മല്ലെന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുക എന്നതായിരുന്നു യുഡിഎഫിന്റെ നയം. സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാതെ സ്വാഭാവികമായി അടച്ചുപൂട്ടാന്‍ അവസരം സൃഷ്ടിക്കുകയും യുഡിഎഫ് ചെയ്‌തെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവനയില്‍ പറഞ്ഞു.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളെ ലോക നിലവാരത്തിലേക്ക്‌ എത്തിക്കാന്‍ പ്രത്യേക മിഷന്‍ രൂപീകരിച്ചു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ 310 സ്‌കൂളുകള്‍ നാടിന്‌ സമര്‍പ്പിച്ചു. സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകള്‍ ഉള്‍പ്പെടെ ആധുനിക പഠന സൗകര്യങ്ങള്‍ ഉറപ്പു വരുത്തി. ഇവയെല്ലാം ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ പരിശോധനക്ക്‌ വിധേയമാണ്‌. സിഎജി റിപ്പോര്‍ട്ട്‌ നിയമസഭയും പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിയും ജനാധിപത്യപരമായി വിലയിരുത്തുകയും ചെയ്യും. കിഫ്‌ബി ഫണ്ട്‌ ഉപയോഗിക്കുന്ന പദ്ധതിയായതുകൊണ്ട്‌ അവരുടെ ഓഡിറ്റിങ്ങും ഉണ്ടാകും. ഇത്രയും സുതാര്യമായി നടത്തുന്ന പദ്ധതിയെയാണ്‌ ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച്‌ ഇല്ലാതാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും‌ സിപിഎം ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള യുഡിഎഫ്‌, ബിജെപി കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിരോധം ഉയരേണ്ടതുണ്ടെന്നും‌ സിപിഎം പ്രസ്‌താവനയില്‍ പറഞ്ഞു.

click me!