
കണ്ണൂർ: കേരളത്തിന്‍റെ സമൂഹമനസ്സാക്ഷിയെ പിടിച്ചുലച്ച എച്ച്ഐവി ബാധിതരായ കുട്ടികൾ അക്ഷരയ്ക്കും അനന്തുവിനും ഇന്നും സമൂഹത്തിന്‍റെ ഊരുവിലക്ക് നേരിടേണ്ടി വരുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഒടുവിൽ ഫലം കാണുന്നു. വാർത്ത കണ്ട ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവും എഡിജിപി എസ് ശ്രീജിത്തും വിഷയത്തിലിടപെട്ടു. കേളകത്തെ എച്ച്ഐവി ബാധിതരായ അക്ഷരയുടെയും അനന്തുവിന്‍റെയും അമ്മ രമയുടെയും സംരക്ഷണം പൊലീസ് ഏറ്റെടുക്കുമെന്ന് എഡിജിപി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അക്ഷരയുടെയും അനന്തുവിന്‍റെയും ജോലി സംബന്ധിച്ച് അന്വേഷിച്ച് ഇടപെടുമെന്ന് പറഞ്ഞ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, അവരുടെ സംരക്ഷണം സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ഇംപാക്ട്.
കേളകം പൊലീസ് അനന്തുവിന്‍റെയും അക്ഷരയുടെയും വീട്ടിലെത്തി. എഡിജിപി എസ് ശ്രീജിത്തിന്‍റെ നിർദേശപ്രകാരം എത്തിയ സംഘം വിശദാംശങ്ങൾ ശേഖരിച്ചു മടങ്ങി. ജോലി അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ ഉറപ്പ് നൽകി.
സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി
കേളകത്തെ രമയുടെ മക്കളുടെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ ചെയ്യാനാവുന്നത് ചെയ്യും. രമയെയും മക്കളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ് - മന്ത്രി പറഞ്ഞു.
കുടുംബത്തിന് പരാതികളുണ്ടെങ്കിൽ കേസെടുക്കും
അക്ഷരയുടെയും അനന്തുവിന്‍റെയും രമയുടെയും സംരക്ഷണം കണ്ണൂർ ജനമൈത്രി പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. കൊട്ടിയൂർ കേളകത്തെ ഇവരുടെ വീട്ടിലെത്തിയ ജനമൈത്രി പൊലീസ് കുടുംബത്തിന് പരാതികളുണ്ടെങ്കിൽ കേസെടുക്കാമെന്ന് അവരെ അറിയിച്ചു. കണ്ണൂർ റൂറൽ എസ്പിക്ക് അടിയന്തര ഇടപെടലിന് എഡിജിപി ഈ വാർത്ത അറിയിച്ചപ്പോൾത്തന്നെ നിർദേശം നൽകിയിരുന്നു.
ജോലിയോ വരുമാനമോ ഇല്ലാതെ എച്ച്ഐവി ബാധിതരായ രമയും കുട്ടികളും ദുരിതജീവിതം നയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 18 കൊല്ലമായി അവഗണന തുടരുകയാണെന്നാണ് രമ പറഞ്ഞത്. പഠനകാലം മുതൽ തന്നെ സമൂഹം ഒറ്റപ്പെടുത്തിയെന്ന് അക്ഷര പറയുന്നു. രണ്ട് കൊല്ലം മുമ്പ് ബിഎ സൈക്കോളജി കോഴ്സ് ചെയ്തു. എംഎ ചെയ്യണമെന്നുണ്ട്, പണമില്ല. ബികോം പാസ്സായ അനന്തുവിനും ജോലിയില്ല. സർക്കാർ ഇതുവരെ ഒരു സഹായവും ചെയ്തില്ലെന്നും, ജീവിക്കാൻ വഴിയില്ലെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam