ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക്? അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടു ചർച്ച നടത്തി

By Web TeamFirst Published May 29, 2020, 1:37 PM IST
Highlights

ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിക്കുന്നത്. 

ദില്ലി: ദേശീയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിമാരുമായി ഇന്നലെ സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്.

ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിച്ചത് എന്നാണ് സൂചന. എന്നാൽ അന്താരാഷ്ട്ര വിമാനസർവ്വീസ് ഉടനെ വേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. സ്കൂളുകൾ അടുത്ത ഒരു മാസത്തിൽ തുറക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. 

പുതുക്കിയ മാർഗ്ഗനിർദ്ദേശം ഉടൻ കേന്ദ്രം പുറത്തിറക്കുമെന്നാണ് സൂചന. രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മൻ കി ബാത്ത് പരിപാടിയിൽ വിശദീകരിക്കും. രാജ്യത്തെ മൊത്തം കൊവിഡ് രോ​ഗികളുടെ ഏഴുപത് ശതമാനവും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ് എന്നതിനാൽ തീവ്രബാധിത മേഖലകളിൽ നിയന്ത്രണം തുടരാനാണ് സാധ്യത. ലോക്ക് ഡൗൺ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കവേ ലോക്ക് ഡൗൺ പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 

click me!