
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യ രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സിപിഎമ്മിനകത്തെ രാഷ്ട്രീയ പോരാട്ടമായി പോലും ചില സംഭവങ്ങള്‍ കൂട്ടിവായിക്കപ്പെട്ടു. കെട്ടുകഥകളും നുണപ്രചരണങ്ങളും നിറംചാര്‍ത്തിയപ്പോള്‍ അര്‍ധ സത്യങ്ങള്‍ അസത്യങ്ങളായി. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം വി ഗോവിന്ദനും നഗരസഭാധ്യക്ഷ കൂടിയായ ഭാര്യ പി കെ ശ്യാമളയും ഒരു വശത്തും മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മറുവശത്തും നിര്‍ത്തിയുള്ള പ്രചാരണങ്ങളും ചില്ലറയല്ല ഉണ്ടായത്. ആന്തൂര്‍ വിവാദവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന പല കഥകളും നുണകളാണെന്നതാണ് സത്യം. പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കഥകളില്‍ സത്യമെത്ര? നുണയെത്ര? ഏഷ്യാനെറ്റ് നൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ജിമ്മി ജെയിംസ് കണ്ടെത്തിയ വിവരങ്ങള്‍ ഇതാണ്....
1. സാജന്‍റെ മരണത്തിന് ശേഷം നടന്ന പരിശോധനയിൽ പാർത്ഥാ കൺവെൻഷൻ സെന്‍ററിനെതിരെ ആന്തൂർ നഗരസഭാ ഉദ്യാഗസ്ഥർ കണ്ടെത്തിയ കുഴപ്പങ്ങൾ ഇല്ലാത്തതാണെന്ന് തെളിഞ്ഞു എന്നാണ് മിക്കവരും പറയുന്നത്. എന്നാൽ നേരത്തെ കണ്ടെത്തിയ അതേ കുഴപ്പങ്ങൾ തന്നെയാണ് ടൗൺപ്ലാനിംഗ് വിജിലൻസും കണ്ടെത്തിയത്. ആ കുഴപ്പങ്ങൾ മാറ്റിയാലേ ഇനിയാണെങ്കിലും ലൈസൻസ് കിട്ടൂ. അതിനുള്ള ജോലികൾ കൺവെൻഷൻ സെന്‍ററിൽ നടക്കുന്നു.
2. നീണ്ടകാലത്തെ താമസം ഉണ്ടായി എന്നതാണ് മറ്റൊരു പൊതുവിശ്വാസം. എന്നാൽ മെയ് മാസമാണ് പരിഷ്കരിച്ച മാപ്പ് മാനേജ്മെന്‍റ് സമർപ്പിച്ചത്. സാജൻ മരിക്കുന്നതിന് ഏതാണ് 35 ദിവസം മുൻപ്. അതിന് ശേഷം സ്ഥലം സന്ദർശിക്കുന്നതടക്കമുള്ള പല നടപടികളും ഉണ്ടായി.
3. ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിൽ ഫയൽ പിടിച്ചുവച്ചു എന്നതിന് ഒരു തെളിവും ഇതുവരെ ഇല്ല. ഫയൽ മൂവ്മെന്‍റ് സംബന്ധിച്ച രേഖകൾ അതാണ് തെളിയിക്കുന്നത്.
4. കൺവെൻഷൻ സെന്‍ററിന് അനുമതി നിഷേധിച്ചു എന്ന വാർത്തയും തെറ്റാണ്. ചില മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശമാണ് ഉണ്ടായത്.
5. അതേസമയം ജനപ്രതിനിഥികൾ സാജനോട് അനുഭാവപൂർവമായി സംസാരിക്കുകയും ധൈര്യം കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ കാര്യങ്ങളുടെ സത്യാവസ്ഥ സാജന് ബോധ്യപ്പെട്ടേനെ. അവരും ഉദ്യോഗസ്ഥരേപ്പോലെ ചട്ടപ്പടി പ്രവർത്തിച്ചു.
6. ഒന്നര വർഷം മുൻപ് ഉണ്ടായ ഒരു തടസ്സം പി ജയരാജൻ ഇടപെട്ട് മാറ്റിയ പശ്ചാത്തലത്തമാണ് വിവാദം കത്തിപ്പടരാൻ കാരണം. പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതാണ് ഇതിനുള്ള പശ്ചാത്തലം. പ്രശ്നം പരിഹരിച്ച പി ജയരാജനെ ഒരു വശത്തും ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള എം വി ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ട് മറുവശത്ത് സംസ്ഥാന ഔദ്യോഗിക നേതൃത്വത്തേയും നിർത്തിയാണ് വിവാദം കൊഴുപ്പിച്ചത്. എം വി ഗോവിന്ദൻ മന്ത്രിയുടെ ഓഫീസിൽ വിളിച്ചു എന്നുവരെ നുണക്കഥകള്‍ പ്രചരിച്ചു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam