
തിരുവനന്തപുരം:കൊല്ലം ബൈപ്പാസിലെ അപകട പരമ്പര അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. 5.15 കോടി മുടക്കി ബൈപ്പാസ് മുഴുവന്‍ തെരുവ് വിളക്കുകളും നിരീക്ഷണ ക്യാമറകളും സ്പീഡ് ക്യാമറകളും സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
കൊല്ലം ബൈപ്പാസില്‍ തുടരുന്ന അപകടങ്ങളെയും മരണങ്ങളെയും കുറിച്ച് ആളെക്കൊല്ലും കൊല്ലം ബൈപ്പാസ് എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക വാര്‍ത്താ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നു. ഈ വാര്‍ത്ത അടിസ്ഥാനമാക്കി ഇരവിപുരം എംഎല്‍എ എം.നൗഷാദ് കൊല്ലം ബൈപ്പാസിലെ അപകടപരമ്പര ഇന്ന് സബ്മിഷനിലൂടെ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
13കിലോമീറ്റര്‍ മാത്രം നീളമുള്ള ബൈപ്പാസില്‍ തെരുവുവിളക്കുകളില്ല. വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് സംവിധാനങ്ങളില്ല തുടങ്ങി ബൈപ്പാസിന്‍റെ പ്രശ്നങ്ങള്‍ വ്യക്തമാക്കിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആളെക്കൊല്ലും കൊല്ലം ബൈപ്പാസ് വാര്‍ത്താ പരമ്പര. ഈ പരമ്പരയാണ് ഇപ്പോള്‍ ഫലം കണ്ടത്.
നൗഷാദിന്‍റെ സബ് മിഷന് മറുപടി പറഞ്ഞ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കൊല്ലം ബൈപ്പാസില്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ഇതിനായി 5.15 കോടി അനുവദിച്ചെന്നും അറിയിച്ചത്. 56 ഉപറോഡുകളാണ് കൊല്ലം ബൈപ്പാസില്‍ വന്നു ചേരുന്നതെന്നും ഈ റോഡുകളില്‍ നിന്നും വേണ്ടത്ര ശ്രദ്ധയിലാതെ വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
ഉപറോഡുകള്‍ വന്നു ചേരുന്ന സ്ഥലങ്ങളില്‍ നിലവില്‍ ഹംമ്പുകള്‍, സ്പീഡ് ബ്രേക്കറുകള്‍,സൈന്‍ ബോര്‍ഡുകള്‍, ബ്ലിംക് ലൈറ്റുകള്‍ എന്നിവ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ബൈപ്പാസ് മുഴുവന്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കും. ഇതിനായി 5.15കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി സഭയെ അറിയിച്ചു. ഇതിനുള്ള ചുമതല കെല്‍ട്രോണിന് നല്‍കിക്കഴിഞ്ഞു. നാലു മാസത്തിനുള്ളില്‍ വിളക്കുകള്‍ സ്ഥാപിക്കും.
വേഗനിയന്ത്രണത്തിനും ട്രാഫിക് നിയമലംഘനം കണ്ടെത്താനും 23 നിരീക്ഷണ ക്യാമറകളും 8 സ്പീഡ് കാമറകളും സ്ഥാപിക്കും. കെല്‍ട്രോണിനാവും ഇവ സ്ഥാപിക്കേണ്ട ചുമതലയും.ഇടറോഡുകൾ വന്നുകയറുന്ന ഭാഗങ്ങളില്‍ അടിയന്തിരമായി 8 സ്പീഡ് ലിമിറ്റ് ബോര്‍ഡുകളും 26 നോ പാര്‍ക്കിങ് നോ ഓവര്‍ ടേക്കിങ് ബോര്‍ഡുകളും സ്ഥാപിക്കും.
ഇതിനായി പദ്ധതി കണ്‍സൾട്ടൻസിക്കും കരാര്‍ കമ്പനിക്കും നിർദേശം നല്‍കിയിട്ടുണ്ട്. ബൈപ്പാസ് തുറന്നുകൊടുത്ത് അഞ്ചുമാസത്തിനുള്ളില്‍ 10 പേരാണ് ഇവിടെ അപകടങ്ങളില്‍ മരിച്ചത് . ഇതില്‍ 3 പേര്‍ കാല്‍നട യാത്രക്കാരായിരുന്നു. 60-ലേറെ പേര്‍ക്കാണ് അപകടങ്ങളില്‍ പരിക്കേറ്റത് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam