ഓണത്തിന് 2 ദിവസം മദ്യം കിട്ടില്ല, ബെവ്കോ മദ്യവിൽപ്പനശാലകൾക്ക് അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Sep 6, 2022, 4:01 PM IST
Highlights

നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല

തിരുവനന്തപുരം: ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാൽ തിരുവോണ ദിവസം ബാറുകൾ തുറന്നുപ്രവർത്തിക്കും. നേരത്തെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പ്രമാണിച്ച് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി നൽകിയിരുന്നു. അന്നും ബാറുകൾ പ്രവർത്തിച്ചിരുന്നു.

ആറന്മുള ഉത്രട്ടാതി വള്ളംകളി: 11ന് അഞ്ച് വില്ലേജുകളില്‍ മദ്യം നിരോധിച്ച് കലക്ടറുടെ ഉത്തരവ്

അതിനിടെ ആറന്മുള ഉത്തൃട്ടാതി വള്ളംകളി നടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി വില്ലേജുകളില്‍ അബ്കാരി നിയമ പ്രകാരം സെപ്റ്റംബര്‍ 11ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി. ഈ പ്രദേശങ്ങളിലെ കടകള്‍, കള്ളുഷാപ്പുകള്‍, ബാറുകള്‍, ബിവറേജസ് കോര്‍പറേഷന്‍ എന്നിവയും മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ കൗണ്ടറുകള്‍ തുറക്കുന്നതും അനുവദനീയമല്ല. വ്യക്തികള്‍ മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എന്നിവരെ ചുമതലപ്പെടുത്തി.

ഇന്ന് റെഡ് അലർട്ട് തുടരുന്നു; ഉത്രാടപാച്ചിൽ മുങ്ങുമോ, നാളെ 12 ജില്ലയിൽ തീവ്രമഴ ജാഗ്രത, 2 ജില്ലയ്ക്ക് ആശ്വാസം

അതേസമയം ഓണത്തിന്‍റെ ആഘോഷത്തിലേക്ക് മലയാളികൾ കടക്കവെ സംസ്ഥാനത്തെ മഴ സാഹചര്യം കാര്യങ്ങൾ തകിടം മറിക്കുമോയെന്ന ആശങ്ക ശക്തമാകുകയാണ്. ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് 4 ജില്ലകളിൽ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലർട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലർട്ടുള്ളത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ജാഗ്രതയും തുടരുകയാണ്. അതേസമയം ഒന്നാം ഓണമായ ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 12 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ഉത്രാടപ്പാച്ചിൽ വെള്ളത്തിൽ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ നാളെ ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ വലിയ ആശ്വാസമുള്ളത്.

click me!