
കാസര്‍കോട്: ഓണം നാട്ടിലെത്തി ആഘോഷിക്കാനായി കാത്തിരിക്കുന്ന മലയാളികളുടെ വിഷയം വീണ്ടും കേന്ദ്രത്തിന് അവതരിപ്പിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങി ഓണം ആഘോഷിക്കാൻ പോകുന്ന മലയാളികൾക്ക് ആവശ്യത്തിന് ഉപകരിക്കും വിധം അധിക ട്രെയിനുകളോ പ്രത്യേക കോച്ചുകളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച മലബാര്‍ മേഖലയിലേക്കുള്ള യാത്രാ ദുരിതമാണ് എംപി ചൂണ്ടിക്കാട്ടിയത്.
നേരത്തെ, ഈ വിഷയം സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് എംപി കത്ത് നല്‍കിയിരുന്നു. എന്നിട്ടും വിഷയത്തില്‍ പരിഹാരങ്ങളൊന്നും കാണാത്ത അവസ്ഥയിലാണ് ഒരിക്കല്‍ കൂടി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇടപെട്ടിരിക്കുന്നത്. മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ നാട്ടിലെത്താന്‍ സാധിക്കുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്ന കാര്യം ഒരിക്കൽക്കൂടി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു കേന്ദ്ര റെയിൽ ബോർഡിനാണ് എംപി കത്ത് നൽകിയത്.
ഈ ഉത്സവ കാലത്ത് ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ഇക്യൂ സൗകര്യം തേടി ഓഫീസിൽ ബന്ധപ്പെടുന്നത് നിരവധി പേരാണെന്ന് എംപി പറഞ്ഞു. അതേസമയം, ഓണക്കാലത്ത് വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വി ശിവദാസൻ എം പി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഓണക്കാലത്ത് ചില റൂട്ടുകളിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്ക് തിരിച്ചടിയാണെന്നും കത്തില്‍ ആരോപിക്കുന്നു.
മറ്റ് ആഘോഷ കാലത്തും അമിത നിരക്ക് ഇടാക്കി വിമാന കമ്പനികൾ ചൂഷണം നടത്തുന്നുണ്ട്. ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ച് പ്രൈസ് ബാൻഡ് ഏർപ്പെടുത്തണമെന്നും ശിവദാസൻ എം പി കത്തിൽ ആവശ്യപ്പെട്ടു. എല്ലാ മലയാളികൾക്കും നാട്ടിലുള്ള ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരമാണ് ഓണം.
ഈ സന്തോഷകരമായ അവസരത്തെ വിമാനക്കമ്പനികൾ കൊള്ള ലാഭം ഉണ്ടാക്കാനുള്ള അവസരമായി മാറ്റുന്നത് പ്രതിഷേധാർഹമാണെന്ന് ശിവദാസൻ എം പി പറഞ്ഞു. ഓണം എത്തിയതോടെ തെരഞ്ഞെടുത്ത റൂട്ടുകളിൽ വിമാനക്കമ്പനികൾ നിരക്ക് കൂട്ടുകയാണ്. ഇത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആഭ്യന്തര-അന്തർദേശീയ യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനയാത്രാച്ചെലവ് കുതിച്ചുയർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.