വയനാട്ടിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; ഉത്തരവിട്ട് ജില്ലാ കളക്ടർ

By Web TeamFirst Published Aug 7, 2022, 9:43 PM IST
Highlights

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്

കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ ഇന്നുണ്ടായ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ജനവാസമില്ലാത്ത മേഖലയിലാണ് സംഭവം. 2020 ൽ ഇവിടെ ഉരുൾപൊട്ടിയിരുന്നു. അന്ന് ഇവിടെ ഉണ്ടായിരുന്ന മൂന്ന് വീടുകൾ തകർന്നിരുന്നു. പിന്നീട് ഈ മേഖലയിൽ നിന്ന്  ആളുകളെ മാറ്റി പാർപ്പിക്കുകയായിരുന്നു.

ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോളേജുകൾക്ക് അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവ‍ർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും നാളെ അവധിയിയായിരിക്കുമെന്ന് അതത് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. 

ഇടുക്കി ജില്ലയിലും അവധി പ്രഖ്യാപനമുണ്ട്. ദേവികുളം, പീരുമേട് താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. അതേസമയം ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് നാളെ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റിടങ്ങളിൽ വിദ്യാലയങ്ങൾ പതിവ് പോലെ പ്രവർത്തിക്കും.

click me!