
പാലക്കാട്: പടലിക്കാട് കനത്ത മഴയിൽ വീട് പൂർണമായും തകർന്നു. സഹോദരങ്ങളായ അജയൻ്റെയും ചെന്താമരയുടെയും വീടാണ് തകർന്നത്. രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പുലർച്ചെ ഒരു മണിയോടെ വലിയ ശബ്ദം കേട്ട് കുടുംബാംഗങ്ങൾ വീടിന് പുറത്തേക്ക് ഓടി. പിന്നാലെയാണ് അപകടം ഉണ്ടായത്. അപകടം നടക്കും മുൻപ് പുറത്തെത്തിയതിനാൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ കൺമുന്നിൽ വീട് തകർന്നതോടെ ജീവിതത്തിൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബാംഗങ്ങൾ.
സമാനമായ അപകടങ്ങൾ മറ്റ് ജില്ലകളിലും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി തളിക്കരയിൽ എലീനകണ്ടി കബീറിന്റെ വീടിനു മുകളിൽ തെങ്ങ് വീണു. വീടിൻറെ ഭിത്തിക്ക് വിള്ളലുണ്ടായി. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ എത്തി തെങ്ങ് മുറിച്ച് മാറ്റി. കണ്ണൂരിൽ ചെറുപുഴ അയ്യൻകല്ലിൽ കുറുവാട്ടിൽ മണിയുടെ വീടിന് മുകളിൽ തെങ്ങ് വീണു.അകത്ത് ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മലപ്പുറം പറപ്പൂർ ആലചുള്ളിയിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായ വീട്, സമീപത്തെ ചുറ്റുമതിൽ മറിഞ്ഞു വീണ് തകർന്നു. പണി നടക്കുന്ന മറ്റൊരു വീടിനും കേടുപാടുണ്ടായി. പാലക്കാട് തേൻകുറിശ്ശി സ്വദേശി ചന്ദ്രികയുടെ വീടിനു മുകളിലും മരം വീണു. ആലപ്പുഴ എഴുപുന്ന കരുമാഞ്ചേരിയിൽ പട്ടാണംശേരി ശ്യാമ പ്രസാദിൻ്റെയും മനശേരി രമയുടെയും വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു.
കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ വാലില്ലാപുഴയിൽ വീടിനു മുകളിൽ അടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകർന്നുവീണ് ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു. ഒളിപാറമ്മൽ അജിയുടെയും അലീനയുടെയും മകൾ അൻഹക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. എല്ലാ അപകടങ്ങളും ഇന്നലെ രാത്രിയിലെ കനത്ത കാറ്റിലും മഴയിലുമാണ് സംഭവിച്ചത്.