നിലമ്പൂർ തിരഞ്ഞെടുപ്പ് ചൂടിലേക്ക്, ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

Published : May 25, 2025, 09:26 AM ISTUpdated : May 25, 2025, 10:27 AM IST
നിലമ്പൂർ തിരഞ്ഞെടുപ്പ് ചൂടിലേക്ക്,  ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

Synopsis

പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്.  

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്. മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അൻവർ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു.  

പിവി അൻവറിന്റെ രാഷ്ട്രീയ ഭാവി കൂടി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. എൽഡിഎഫിലുണ്ടായിരുന്ന വേളയിൽ യുഡിഎഫിനെതിരെ വലിയ വിമർശനങ്ങളുയർത്തിയ, രാഹുൽ ഗാന്ധിയ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ അൻവറിനെ സഹകരിപ്പിക്കണോ എന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായമുയർന്നിരുന്നു. അൻവർ രാജിവെച്ച് മാസങ്ങൾക്ക് ശേഷമാണ് അൻവറിനെ സഹകരിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പും പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കണമെന്ന കാര്യത്തില്‍ ഘടകക്ഷികള്‍ ഒന്നിച്ചത്. നിലമ്പൂരിൽ അൻവറിന് വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

അതിനിടെ നിലമ്പൂരിൽ ആര്യാടൻ ഷൌക്കത്തിനെ സ്ഥാനാർത്ഥിയാക്കരുതെന്നും വിഎസ് ജോയിയെ മത്സരിപ്പിക്കണമെന്നും അൻവർ ഒരു ഘട്ടത്തിൽ തുറന്നടിച്ചത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. അൻവർ പറയുന്ന ആളെ സ്ഥാനാർത്ഥിയാക്കുന്ന സ്ഥിതിയുണ്ടാകരുതെന്നാണ് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് സിപിഎമ്മിനും യുഡിഎഫിനും നിർണായകമായാണ് വിലയിരുത്തൽ.

താൻ സിപിഎമ്മിനെതിരെയല്ലെന്നും 'പിണറായിസ'ത്തിന് എതിരെയാണെന്നും ആവർത്തിക്കുന്ന അൻവർ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിമർശനങ്ങൾ ഒരു വിഭാഗം സിപിഎം പാർട്ടി പ്രവർത്തകരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം