'എന്‍റെ നെഞ്ചത്തുകൂടി വണ്ടിയെടുക്ക്'; വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ്സിന് മുന്നില്‍ കിടന്ന് ഹോം ഗാര്‍ഡ് , കൈയടി

Published : Aug 09, 2025, 11:47 AM IST
Home Guard lies in front of bus refused to pick up students receives applause

Synopsis

വിദ്യാര്‍ത്ഥികളെ കയറ്റി മാത്രം പോയാല്‍ മതിയെന്ന പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടെടുത്ത ബസിന് മുന്‍പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് നാഗരാജ് കിടക്കുകയായിരുന്നു

കോഴിക്കോട്: വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ്സിന് മുന്നില്‍ കിടന്ന് ബസ് തടഞ്ഞ് ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥന്‍. കോഴിക്കോട് കുന്നമംഗലം കാരന്തൂരിലാണ് നാട്ടുകാരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയ സംഭവ വികാസങ്ങളുണ്ടായത്.

ഇന്നലെ വൈകീട്ട് 4.40ഓടെ കാരന്തൂര്‍ മര്‍ക്കസ് ബസ് സ്‌റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളെ കയറ്റി മാത്രം പോയാല്‍ മതിയെന്ന പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടെടുത്ത ബസിന് മുന്‍പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് നാഗരാജ് കിടക്കുകയായിരുന്നു. ഇതോടെ ബസ്സുകാര്‍ക്ക് മുന്‍പോട്ട് നീങ്ങാന്‍ കഴിയാതായി. നിര്‍ത്താതെ ഹര്‍ഷാരവം മുഴക്കിയാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും നാഗരാജിന്റെ ഈ പ്രവൃത്തിയെ സ്വീകരിച്ചത്. 

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന നിയ എന്ന ബസ്സാണ് വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകാന്‍ ശ്രമിച്ചത്. ഇവിടെ വിദ്യാര്‍ത്ഥികളെ അവഗണിക്കുന്ന ബസ് ജീവനക്കാരുടെ നടപടിക്കെതിരെ നിരവധി പരാതികള്‍ ട്രാഫിക് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ട്രാഫിക്ക് പൊലീസ് ഇവിടെ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ആവശ്യപ്പെട്ടു.

നാഗരാജിന്‍റെ പ്രതികരണം

"നാല് മണിക്ക് സ്കൂൾ വിട്ടാൽ അഞ്ചോ ആറോ മണിയായാലും കുട്ടികൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. 10 കുട്ടികളെ വച്ച് ഓരോ ബസ്സിലും കയറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷേ അവര് എടുക്കില്ല. ഞങ്ങൾ റോഡിന്‍റെ നടുക്ക് നിന്ന് തടയേണ്ട അവസ്ഥയാണ്. ഇന്നലെ ഞാൻ ബസ് നിർത്താൻ പറഞ്ഞപ്പോൾ ശരീരത്തിൽ തൊട്ടു തൊട്ടില്ല എന്ന നിലയിലാണ് ബസ് നിർത്തിയത്. കുട്ടികളെ എടുക്കാതെ ബസെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ റോഡിൽ കിടന്നു. യൂണിഫോമിൽ നിന്ന് സ്റ്റോപ്പ് പറഞ്ഞാൽ ബസ് നിർത്തേണ്ട കടമ അവർക്കുണ്ട്. കുട്ടികൾക്കൊക്കെ വളരെ സന്തോഷമായി"- നാഗരാജ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം