
തിരുവനന്തപുരം: കേരളത്തിന് അപമാനമായി വീണ്ടും ദുരഭിമാന മര്‍ദനം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോൾ ചികിത്സയിലാണ്. ചിറയിൻകീഴ് ബീച്ച് റോഡിൽ വെച്ച് ഒക്ടോബർ 31 നാണ് സംഭവം നടന്നത്.
ബോണക്കാട് സ്വദേശിയായ മിഥുനെന്ന 29കാരനാണ് മർദ്ദനമേറ്റത്. ഡിടിപി ഓപറേറ്ററാണ് മിഥുൻ. 24 കാരിയായ ദീപ്തിയും മിഥുനും തമ്മിൽ ഒക്ടോബർ 29നാണ് വിവാഹിതരായത്. ദീപ്തി ലത്തീന്‍ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. വീട്ടുകാർ എതിർത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരൻ പള്ളിയിൽ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിൻകീഴേക്ക് വിളിച്ചുവരുത്തിയത്.
ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതംമാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്. അടിയേറ്റ് മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. സമീപത്തെ കടയിലെ സിസിടിവിയിൽ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഡാനിഷിന് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. തലച്ചോറിന് പരിക്കേറ്റ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam