
പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് മന്ത്രി എകെ ബാലൻ. പൊലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കും. ശക്തമായ അന്വേഷണം നടത്തും. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയങ്ങൾ അവതരിപ്പിക്കും. വേറെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വേണമെങ്കിൽ അത് അടുത്ത ദിവസം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയായി. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രാവിലെ പത്തരയോടെയാണ് പ്രതികളായ സുരേഷ്, പ്രഭുകുമാർ എന്നിവരെ കൊലപാതകം നടന്ന മാനാംകുളമ്പ് കവലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരും കൃത്യം നടത്തിയ രീതി പൊലീസിന് വിശദീകരിച്ചു. കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിനെ തള്ളിയിട്ടുവെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
ഒന്നാം പ്രതി സുരേഷിന്റെ ചെറുതുപ്പലൂർ ഉള്ള വീട്ടിൽ നിന്നാണ് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. സംഭവ സമയത്ത് സുരേഷ് ധരിച്ച വസ്ത്രങ്ങൾ ഉൾപ്പടെ കണ്ടെടുത്തു. പിന്നീട് രണ്ടാം പ്രതി പ്രഭു കുമാറിന്റെ വീട്ടിൽ നിന്ന് ഇരുമ്പ് വടിയും, വസ്ത്രങ്ങളും കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പി സമീപത്തുള്ള തോട്ടിലാണ് ഉപേക്ഷിച്ചത്. തെളിവെടുപ്പിന് പ്രതികളെ എത്തിക്കുന്നത് അറിഞ്ഞ് നാട്ടുകാർ തടിച്ച്കൂടി. പ്രകോപനങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് അനീഷിനോടുള്ള വൈരാഗ്യമെന്ന് പ്രതികൾ മൊഴി നൽകി. അനീഷുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതികൾ മൊഴി നൽകി.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ ഹരിതയുടെ മുത്തശ്ശൻ കുമരേശൻ പിള്ളയാണെന്നാരോപിച്ച് അനീഷിന്റെ കുടുംബം രംഗത്തെത്തി. ഹരിതയെ കുമരേശൻ പിള്ള പലപ്പോഴും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. ഹരിതയോട് അനീഷിനെ ഉപേക്ഷിച്ചു വരാൻ ആവശ്യപ്പെടുന്ന ശബ്ദ രേഖയും പുറത്തു വന്നു. സംഭവത്തിന് പിറകിൽ കുമരേശൻ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഹരിത ന്യൂസ് അവറിൽ വെളിപ്പെടുത്തിയിരുന്നു. കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലുമായി അനീഷിനെ കുടുംബം രംഗത്തെത്തിയതോടെ തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഈ ദിശയിലേക്കും തിരിയും. പ്രതിപ്പട്ടിക നീളാൻ സാധ്യതയുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചനകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam