
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർ. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതിയുടെ യോഗം ഇന്ന് ചേരും. പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. 264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാരുടെ സമരം.
ജനപ്രീയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാനുള്ള തീരുമാനവും കൈയ്യടി നേടുന്നതാണ്. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നൽകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡി എ കൂടി എല്ലാവർക്കും അനുവദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam